നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ യുഎപിഎ ചുമത്തി ജയിലിലടച്ച ന്യുസ് ക്ലിക്ക് പോര്‍ട്ടല്‍ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കായസ്തയ്‌ക്കെതിരായ നടപടി നിയമ വിരുദ്ധമെന്ന് സുപ്രീം കോടതി. നില നില്‍ക്കാത്ത വാദം ഉന്നിയിച്ച മാധ്യമപ്രവര്‍ത്തകനെ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്തതും റിമാന്റ് ചെയ്തതും നിയമവിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചു.
2024 ഒക്ടോബര്‍ 3-ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ 80-ഓളം പത്രപ്രവര്‍ത്തകര്‍, ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍, ഫ്രീലാന്‍സര്‍മാര്‍, ജീവനക്കാര്‍ എന്നിവരുടെ വീടുകളില്‍ നടത്തിയ റെയ്ഡിലാണ് പുര്‍ക്കയസ്തയെയും ന്യൂസ് പോര്‍ട്ടലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തത്. അമിത് ചക്രവര്‍ത്തി പിന്നീട് മാപ്പ് സാക്ഷിയായി മാറുകയും ഹര്‍ജി പിന്‍വലിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകളില്ലാതെ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പോര്‍ട്ടലിന്റെ വലിയ പ്രചാരണത്തിനനായി ചൈനീസ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് യുഎപിഎ ചുമത്തുന്നതിനു മുന്‍പ് അന്വേഷണ സംഘം അറിയിച്ചിരുന്നു.
സുപ്രീ കോടതി വിധി പ്രകാരം 77 കാരനായ പുര്‍കയസ്തയെ ജാമ്യം നല്‍കി വിട്ടയക്കണമെന്ന് ബെഞ്ച് വിധി പുറപ്പെടുവിച്ചു. എന്നാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ജാമ്യം നല്‍കാമെന്നും കോടതി പറഞ്ഞു. കേസില്‍ 8,000 വാക്കുകളുള്ള കുറ്റപത്രം ഏപ്രില്‍ അവസാനത്തോടെ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഡല്‍ഹി കോടതി മെയ് 31 ന് തുടര്‍വാദം കേള്‍ക്കും.
2023 ഒക്ടോബര്‍ നാലിന് റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് പുര്‍കയസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നല്‍കിയിട്ടില്ലെന്നും അതുവഴി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിന് ശേഷം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരം, പുര്‍കയസ്ഥയ്ക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ ഫണ്ട് നിയമവിരുദ്ധമായി ലഭിച്ചതായും, അത് രാജ്യത്തിന്റെ പരമാധികാരവും ഐക്യവും സുരക്ഷയും തകര്‍ക്കാന്‍ ഉദ്ദേശത്തോടെ ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. സിഎഎ വിരുദ്ധ പ്രതിഷേധം, കര്‍ഷക പ്രസ്ഥാനം, കോവിഡ് കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി സര്‍ക്കാരിനെതിരായ വിമര്‍ശനം, പെട്ടെന്നുള്ള ലോക്ക്ഡൗണ്‍ എന്നിവയും കേസിനു ആധാരമാണ്. എന്നാല്‍ ന്യൂസ്‌ക്ലിക്ക് അതിന്റെ എല്ലാ ഫണ്ടുകളും നിയമപരമായ വഴിയിലൂടെ വന്നതാണെന്ന് വാദിച്ചു.
ഡല്‍ഹി പോലീസിന്റെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണങ്ങള്‍ ഞങ്ങളുടെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ലക്ഷ്യം വെയ്ക്കാനുള്ള ശ്രമങ്ങളാണെന്ന് ന്യൂസ്‌ക്ലിക്ക് ആവര്‍ത്തിച്ചു. ഞങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ്. ഭിന്നാഭിപ്രായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമ സംഘടനകളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയില്‍ ആശങ്കാജനകമായ ഒരു പ്രവണതയായി മാറിയിരിക്കുന്നതായി ന്യുസ് ക്ലിക്ക് അഭിപ്രായപ്പെട്ടു.
ആരാണ് പ്രബീര്‍ പുര്‍കായസ്ത?
1975 ലെ അടിയന്തരാവസ്ഥക്കാലത്ത് വിവിധ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ജയിലില്‍ കിടന്ന പത്ര പ്രവര്‍ത്തകനാണ് പ്രബീര്‍ പുര്‍കായസ്ത. ശക്തമായ രാഷ്ട്രീയ നിലപാട് കാത്ത് സൂക്ഷിച്ചുരുന്ന പ്രബീര്‍ പത്രപ്രവര്‍ത്തന മേഖലയില്‍ ശാസ്ത്ര വിഷയങ്ങള്‍ കൈക്കാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യനായിരുന്നു.1975 ലെ അടിയന്തരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയിലാണെങ്കിലും ഒരു ഇരയായി അറിയപ്പെടാന്‍ എനിക്ക് താല്പര്യമിലല്ലെന്നായിരുന്നു നിലിവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ മുന്‍ നിറുത്തി പ്രബീര്‍ പുര്‍കായസ്ത അഭിപ്രായപ്പെട്ടത്. 1975 ല്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയുടെ അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായിരുന്നത് തന്റെ പത്രപ്രവര്‍ത്തന ജീവിത്തില്‍ വലിയ വഴിത്തിരിവായി മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സിപിഎം സഹയാത്രികനായ പ്രബീര്‍ പുര്‍കായസ്താ ജെഎന്‍യുവിലെ പഠനക്കാലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. ന്യുസ് ക്ലിക്ക് എന്ന പ്രസ്ഥാനം സ്ഥാപിക്കുമ്പോഴും ഭരണത്തിലെ അസമത്വങ്ങളെയും അസ്വാരസ്യങ്ങളെയും വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെയും പോരാടിയ പ്രബീറിനെ അക്കാരണത്താലാണ് ചൈനീസ് ഫണ്ട് വാങ്ങിയെന്നു കാട്ടി അനധികൃതമായി ജയിലിലടച്ചത്. ഇത് കേന്ദ്ര സര്‍ക്കാരിനെതിരെ തിരിഞ്ഞതിനുളള പ്രതികാര നടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്ന് ആരോപണം ഉയരുന്നത്.