Health

ഡാ മോനേ!! കാപ്പിയും ചായയും നിര്‍ത്തിക്കോ ?, ഇല്ലെങ്കില്‍ പെട്ടിയിലാകും

രാവിലെ ഉറക്കമുണരുമ്പോള്‍ ചായകുടിച്ചില്ലെങ്കില്‍ ഒരു ഉന്‍മേഷം കിട്ടില്ലെന്നാണ് മലയാളികളുടെ പൊതു ധാരണ. അത് ശരിയുമാണ്. കാപ്പിയാണെങ്കില്‍ ബ്രൂ തന്നെ കുടിക്കണമെന്നാണ് പരസ്യങ്ങളില്‍പ്പോലും പറയുന്നത്. സ്റ്റീല്‍ ഗ്ലാസ്സില്‍ ആവി പറക്കുന്ന കാപ്പി കിട്ടിയാല്‍ കുടിക്കാത്തവര്‍ ആരാണുള്ളത്. കണക്കിന് മധുരവും, അളവിന് പാലും, അതിനു ചേര്‍ന്ന കടുപ്പവുമായി ചായ കിട്ടിയാലും കാപ്പി കിട്ടിയാലും അറിയാതെ കുടിച്ചു പോകും. മലയാളിയുടെ ശീലത്തിന്റെ ഭാഗമാണത്.

ഗുണമാണോ ദോഷമാണോ എന്നൊന്നും ചിന്തിച്ചിട്ടില്ല എന്നു മാത്രം. അല്ലെങ്കിലും ദോഷമുള്ള എത്രയോ വസ്തുക്കള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് മനുഷ്യര്‍. അതെല്ലാം കടുത്ത രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്നത്. അതില്‍ മദ്യം മുതല്‍ പുകയില വരെയുണ്ട്. മൈദ മുതല്‍ എണ്ണ വരെയുണ്ട്. കറിയുപ്പ് മുതല്‍ മസാലക്കൂട്ടു വരെയുണ്ട്. ഇതെല്ലാം ഉപേക്ഷിച്ചിട്ടൊരു ജീവിതത്തെ കുറിച്ച് ആര്‍ക്കെങ്കിലും ചിന്തിക്കാനാകുമോ.

അതിനും കഴിയില്ല. എന്നാല്‍, ജീവന്‍ നിലനിര്‍ത്താന്‍ ആരോഗ്യകരമായ ഭക്ഷണ രീതികള്‍ പരിശീലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. രോഗങ്ങളുടെ കലവറയായി മാറിയ ഭക്ഷണങ്ങളും, ഭക്ഷണ രീതികളും വലിയ ദുരിതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചായയും, കാപ്പിയും ഇതില്‍പ്പെട്ടിരിക്കുന്നു എന്നതാണ് പുതിയ അറിവ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ചായയും കാപ്പിയും നിയന്ത്രിക്കണം എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് എങ്കിലും ചായയോ കാപ്പിയോ കുടിക്കരുത്. ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീന്‍ കേന്ദ്ര നാഡീവ്യൂഹത്തെ ഉത്തേജിപ്പിക്കുകയും മാനസിക പിരിമുറുക്കങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 150 മില്ലി കപ്പ് ബ്രൂകോഫിയില്‍ 80- 120 മില്ലിഗ്രാം, ഇന്‍സ്റ്റന്റ് കോഫിയില്‍ 50- 65 മില്ലിഗ്രാം, ചായയില്‍ 30- 65 മില്ലിഗ്രാം എന്നീ അളവുകളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ, ഇവയിലടങ്ങിയിരിക്കുന്ന ടാന്നിന്‍ ശരീരത്തിലെ അയണ്‍ അപര്യാപ്തതയ്ക്കും അനീമിയപോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇടയാക്കും. അമിതമായ കാപ്പി ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാകുമെന്നുമാണ് ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട്.
ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരും കാപ്പി കുടിക്കാന്‍ ഇഷ്ടപ്പെടുന്നവരും ഐസി.എംആറിന്റെ ഈ നിര്‍ദ്ദേശം പൂര്‍ണ്ണമായി അനുസരിക്കുമെന്ന് തോന്നുന്നില്ല.

കാരണം, ശീലങ്ങളാണ് മാറ്റാന്‍ കഴിയാത്തവ. അതിനെ നിയന്ത്രിക്കാനേ സാധിക്കൂ. അങ്ങനെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞാല്‍ വിജയിക്കും. ഭക്ഷണത്തിനു മുമ്പോ ശേഷമോ ഒരു മണിക്കൂറിനുള്ളില്‍ കുടിക്കാതിരുന്നാല്‍ മതിയെന്ന ആശ്വാസമായിരിക്കും ചായ-കാപ്പി കുടിക്കാര്‍ക്ക് ഉണ്ടാവുക.