കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ സ്ത്രീധനത്തിന്റെ പേരിൽ നവ വധുവിന് മർദ്ദനമേറ്റ സംഭവം അത്യന്തം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്കിടയിൽ ഇന്നും ഇത്തരത്തിലുള്ള മനോവൈകൃതങ്ങൾ നിലനിൽക്കുന്നു എന്നുള്ളത് ആശങ്കയുണ്ടാക്കുന്നു. ഈ കേസിൽ പെൺകുട്ടിയുടെ പരാതി ഗൗരവകരമായെടുക്കാനും കർശന നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാവണം. സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുക്കാനും, ഇത്തരം കേസുകളിൽ പ്രതികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകാനും പ്രതിജ്ഞാബദ്ധമായ ഒരു ഗവൺമെന്റ് ആണ് കേരളം ഭരിക്കുന്നത്.
സമീപകാലത്തുണ്ടായ സമാനമായ കേസുകളിലെല്ലാം നിതാന്തമായ ജാഗ്രത പുലർത്താൻ ഇടതുപക്ഷ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് സർക്കാർ സംവിധാനങ്ങളിൽ വിശ്വാസമുണ്ട് എന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞിരിക്കുന്നത്. പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനായി വേണ്ട ഇടപെടൽ നടത്തുമെന്ന് ബഹുമാനപ്പെട്ട കേരള വനിതാ കമ്മീഷൻ അധ്യക്ഷയും പറഞ്ഞു കഴിഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷന്റെ രൂപീകരണ സമ്മേളനത്തിൽ ഏറ്റെടുത്ത മുദ്രാവാക്യങ്ങളിൽ ഒന്ന് സ്ത്രീധനത്തിനെതിരെ ഉള്ളതാണ്. അന്ന് മുതൽ നിരവധിയായിട്ടുള്ള പ്രക്ഷോഭങ്ങൾ സ്ത്രീധനത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ഏറ്റെടുത്തു നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ സ്ത്രീധന നിരോധന നിയമം നിലവിൽ കൊണ്ടുവരുന്നതിനായി പാർലമെന്റിൽ വലിയ ഇടപെടലുകൾ നടത്താൻ ഇടതുപക്ഷ മഹിളാ നേതാക്കൾക്ക് സാധിച്ചിട്ടുണ്ട്.
നീണ്ട നാലര പതിറ്റാണ്ടിനു ശേഷവും ആ പോരാട്ടം തുടരേണ്ടി വരുന്നു എന്നുള്ളത് ദൗർഭാഗ്യകരമായ അവസ്ഥയാണ്. സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെതിരെ വലിയ രീതിയിലുള്ള പ്രചരണം ഏറ്റെടുക്കാനും, ഈ തലമുറയെയും വരും തലമുറയെയും ബോധവൽക്കരിക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്. ഇത്തരം സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത എല്ലാവരും പുലർത്തണം.