കാലവർഷം മെയ് 19 ഓടു കൂടി തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മർദ്ദ പാത്തി നിലനിൽക്കുന്നു.
തെക്കൻ കർണാടകക്ക് മുകളിൽ നിന്ന് വിദർഭയിലേക്ക് മറ്റൊരു ന്യുനമർദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ് 19 ന് അതിശക്തമായ മഴക്കും, മെയ് 15 മുതൽ 19 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു. ഇന്നു പത്തനംതിട്ടയിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ള മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
സംസ്ഥാനത്തു താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത് – 38 ഡിഗ്രി സെൽഷ്യസ്. കോഴിക്കോട് (37.2), കണ്ണൂർ എയർപോർട്ട് (36.7) പുനലൂർ (36.4) എന്നിവിടങ്ങളിലും കൂടിയ ചൂട് രേഖപ്പെടുത്തി.