Kerala

‘രാഷ്ട്രീയ ചര്‍ച്ചകള്‍’ പൂര്‍ണ്ണമായും ഒഴിവാക്കി: വരുന്നൂ, ന്യൂസ് മലയാളം 24*7 ചാനല്‍; അണിയറയില്‍ കിടിലങ്ങള്‍ ?

മലയാള മാധ്യമ രംഗത്ത് വാര്‍ത്താ ചാനലുകള്‍ക്ക് ഒരു പഞ്ഞവുമില്ല. പക്ഷെ വാര്‍ത്തകളുടെ വിശ്വാസ്യതയ്ക്കാണ് പ്രശ്‌നം. രാഷ്ട്രീയാതിപ്രസരം കൊണ്ട് ചാനലുകളെല്ലാം ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെ പി.ആര്‍. വര്‍ക്ക് ചെയ്യുന്നതു പോലെയായി കഴിഞ്ഞു. ബ്രേക്കിംഗ് ന്യൂസിനു വേണ്ടി വാര്‍ത്ത ഉണ്ടാക്കുന്നതും, രാഷ്ട്രീയ നേതാക്കളെക്കൊണ്ട് വിവാദങ്ങള്‍ പടച്ചു വിടുന്നതും ട്രെന്റായിക്കഴിഞ്ഞു. ഇതിനെയെല്ലാം മറികന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വാര്‍ത്തകള്‍ വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ഇനിയും ഒരു വാര്‍ത്താ ചാനലിന് പ്രസക്തിയുണ്ടോ. അഥവാ ഉണ്ടെങ്കില്‍ എന്തുതരം വാര്‍ത്തയാകണം ആ ചാനലിലൂടെ പുറത്തു വരേണ്ടത്.

എന്നൊക്കെയാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇതിനെല്ലാം മറുപടി നല്‍കാന്‍ ഇതാ പുതിയൊരു വാര്‍ത്താ ചാനല്‍ വരികയാണ്. ഈ മാസം 29ന് ലോഞ്ച് ചെയ്യുമെന്ന പ്രഖ്യാപനവും വന്നു കഴിഞ്ഞു. കൊച്ചിയില്‍ നിന്നും ന്യൂസ് മലയാളം 24*7 എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ ലൈവാകും. സാരഥികളെല്ലാം പഴയ ആള്‍ക്കാര്‍ തന്നെ. വാര്‍ത്തകളുടെ ലോകത്ത് തഴക്കവും ഇരുത്തവും വന്നവര്‍. മംഗളം ചാനലിന്റെ സി.ഇ.ഒ ആയിരുന്ന അജിത് കുമാര്‍ അജന്താലയം തന്നെയാണ് ന്യൂസ് മലയാളം 24*7ന്റെയും സി.ഇ.ഒ. ഇന്ത്യാ വിഷന്‍ ചാനലിന്റെ എഡിറ്റോറിയല്‍ അംഗം എം.ബി. ബഷീറാണ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്.

മലയാളികള്‍ക്ക് ചിരപരിചിത വാര്‍ത്താമുഖങ്ങളായ ടി.എം ഹര്‍ഷന്‍, സനീഷ് ഇളയിടത്ത് എന്നിവരാണ് ചാനലിന്റെ ന്യൂസ് ഡയറക്ടര്‍മാര്‍. ട്രൂ കോപ്പി തിങ്കിന്റെ സി.ഇ.ഒ ആന്‍ഡ് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു ടി.എം ഹര്‍ഷന്‍. ദി മലബാര്‍ ജേര്‍ണലിന്റെ എഡിറ്ററായിരുന്നു സനീഷ് ഇളയിടത്ത്. വി. സജീല്‍ പത്മനാഭനാണ് ചാനലിന്റെ ചെയര്‍മാന്‍, അബൂബക്കര്‍ സിദ്ദീഖാണ് ചാനലിന്റ മാനേജിംഗ് ഡയറക്ടര്‍. ഇവരെല്ലാം ഇവര്‍ കുറച്ചു കാലമായി മുഖ്യധാരാ മാധ്യമ രംഗത്തു നിന്നും വിട്ടു നിന്നവരാണ്. മുഖ്യധാരാ മാധ്യമരംഗത്തു നിന്നും മാറി നിന്നുവെന്നേയുള്ളൂ.

പക്ഷെ, ഓരോരുത്തരും വാര്‍ത്തയുടെ ലോകത്ത് അവരവരുടേതായ ഇരിപ്പിടങ്ങള്‍ കണ്ടെത്തിയവരാണ്. ആധുനിക ലോകത്തിന്റെ സാധ്യതകളെ വാര്‍ത്തയുമായി ചേര്‍ത്തു വെച്ച് ഡിജിറ്റല്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മുഖ്യധാരാ മാധ്യമ രംഗത്തേക്ക് പുതിയ ചാനലിലൂടെ പഴയ താരങ്ങളെല്ലാം ഒന്നിക്കുകയാണ്. ന്യൂസ് തമിഴ് 24*7 എന്ന ചാനലിന്റെ ഉടമസ്ഥതയിലുള്ള മലയാളം വാര്‍ത്ത ചാനലാണ് സംപ്രേഷണം തുടങ്ങാന്‍ പോകുന്നത്. ദൃശ്യ മാധ്യമങ്ങളുടെ പരമ്പരാഗത വഴി വിട്ട് പുതിയ വഴിയിലൂടെയാകും സഞ്ചാരമെന്നാണ് സൂചന. പ്രധാനമായും രാഷ്ട്രീയ ചര്‍ച്ചകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പോകാമെന്നാണ് തീരുമാനം.

എല്ലാ ചാനലുകളിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. എല്ലാ ദിവസവും ഒരേ മുഖം. ഏതു വിഷയത്തില്‍ ചര്‍ച്ച നടത്തിയാലും ഇവര്‍ തന്നെയാണ് മാറിമാറി ചചര്‍ച്ചയ്‌ക്കെത്തുന്നത്. ഇന്ന് ഒരു ചാനലില്‍ കണ്ട ചര്‍ച്ചക്കാരനെ നാളെ മറ്റൊരു ചാനലില്‍ കാണാം. അയാള്‍ തന്നെ വീണ്ടും ചര്‍ച്ചയ്‌ക്കെത്തുന്നു. ഇങ്ങനെ നിരന്തരം ചര്‍ച്ചാതൊഴിലാളികള്‍ ആയി മാറിയവരെ വീണ്ടും അവതരിപ്പിക്കുന്നതില്‍ പുതുമ ഇല്ലെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് രാഷ്ട്രീയ ചര്‍ച്ച ഒഴിവാക്കിയതെന്നും സൂചനയുണ്ട്.

അടുത്തു തന്നെ ഈ ചാനലിന്റെ കന്നട പതിപ്പും വരുന്നുണ്ട്. കേരളത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ അപ്രമാദിത്വം തകര്‍ക്കാന്‍ ഒരു ചാനലിനും കഴിഞ്ഞിട്ടില്ല. മംഗളം ചാനല്‍ മറ്റെല്ലാ ചാനലുകള്‍ക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ടാണ് സംപ്രേക്ഷണം ആരംഭിച്ചത്. എന്നാല്‍, എട്ടുനിലയില്‍ പൊട്ടിയതോടെ ആശ്വസിച്ചത് മറ്റു ചാനല്‍ മുതലാളിമാരാണ്. പിന്നീട് ഏഷ്യാനെറ്റിനെ വെല്ലുവിളിച്ച് ചാനലുകള്‍ വന്നെങ്കിലും ഒന്നും പച്ചതൊട്ടിട്ടില്ല എന്നു തന്നെ പറയാം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായരുടെ ട്വന്റിഫോര്‍ ന്യൂസ്മാത്രമാണ് കുറച്ചെങ്കിലും പിടിച്ചു നില്‍ക്കുന്നതെന്നു പറയാതെ വയ്യ.

ഇപ്പോഴത്തെ ബാര്‍ക്ക് റേറ്റ് അനുസരിച്ച് ഒന്നാമത് ഏഷ്യാനെറ്റ് തന്നെയാണ്, തൊട്ടു പിന്നില്‍ ട്വന്റി ഫോര്‍ ന്യൂസ്, മനോരമ, മാതൃഭൂമി, കൈരളി, റിപ്പോര്‍ട്ടര്‍, ജനം, ന്യൂസ് 18, മീഡിയ വണ്‍ എന്നിങ്ങനെയാണ്. ഇതിനെയെല്ലാം മറികടന്ന് പുതിയ ചാനലായ ന്യൂസ് മലയാളം 24*7 ന് കഴിയുമോ എന്നാണ് അറിയേണ്ടത്. കാത്തിരുന്ന് കാണാം.