“പ്രപഞ്ചം സൃഷ്ടടിച്ച ദൈവം പോലും വിശ്രമിച്ചു, അപ്പോള്‍ ഇവിടെ നിന്നു വിളിച്ചാല്‍ വിളി കേള്‍ക്കുന്ന രാജ്യത്തേക്ക് മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ പോയാലെന്താണ്” എന്നു പറഞ്ഞ മുന്‍ മന്ത്രി എ.കെ ബാലന്‍ അറിഞ്ഞായിരുന്നോ, ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് ആറു മാസമായി. എന്തേ കൊടുക്കാന്‍ പറ്റാത്തത്. രാവും പകലും ജനങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെട്ട് ക്ഷീണിച്ച് അവശനായി വിശ്രമിക്കാന്‍ പോയവരും, സംസ്ഥാനത്തെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരും ക്ഷേമപെന്‍ഷന്‍ മുടങ്ങിയത് അറിഞ്ഞില്ലായിരിക്കും.
മരുന്നുവാങ്ങാന്‍ പോലും കാശില്ലാതെ ഗതികെട്ട് മീന്‍ചട്ടിയുമായി റോഡിലിറങ്ങി തെണ്ടാന്‍ മറിയക്കുട്ടി ഇനിയും ഇറങ്ങുമ്പോള്‍, സര്‍ക്കാരകിനെ കരിതേച്ചു കാണിക്കാന്‍ വേണ്ടിയുള്ള അടവാണെന്ന് പറഞ്ഞ് ആരും ആക്ഷേപിക്കരുത്. ധനമന്ത്രി ബാലഗോപാലിന്റെ നെഞ്ചുവേദന വെറുതേ വന്നതല്ല, ക്ഷേമ പെന്‍ഷന്‍കാരും, KSRTC തൊഴിലാളികളും കുടുംബങ്ങളും കണ്ണീരോടെ പ്രാകിയിട്ടായിരിക്കുമെന്നാണ് മനസിലാക്കേണ്ടത്. ധനമന്ത്രി ഇപ്പോള്‍ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വിശ്രമത്തിലാണ്.
മുഖ്യമന്ത്രിയാകട്ടെ വിനോദത്തിനും വിശ്രമത്തിനും വിദേശത്തേക്കു പോയിരിക്കുകയാണ്. ടൂര്‍ ദിനങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് പുതിയ വിവരം. ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ വിദേശ ടൂര്‍ കഴിഞ്ഞ് എത്തിയിട്ടേയുള്ളൂ. പൊതുമരാമത്ത് മന്ത്രിയുടെ വിദേശ ടൂര്‍ ഇതുവരെ തീര്‍ന്നിട്ടില്ല. ബാക്കി മന്ത്രിമാരെല്ലാം നല്ല തിരക്കിലായതിനാല്‍ ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. സ്വദേശത്തും വിദേശത്തുമൊക്കെ വിനോദത്തിനും വിശ്രമത്തിനും പോകുന്നതില്‍ ആര്‍ക്കും പരാതിയോ പരിഭവമോ ഇല്ല.
തെരഞ്ഞെടുത്തു വിട്ടതല്ലേ. അപ്പോള്‍ ശിക്ഷയെന്നോണം അനുഭവിക്കുകയേ നിവൃത്തിയുള്ളൂ എന്നാണ് ഒരു ക്ഷേമപെന്‍ഷന്‍കാരന്റെ അഭിപ്രായം. എങ്ങോട്ടു പോയാലും, പാവപ്പെട്ടവന്റെ പെന്‍ഷന്‍ തരാനുള്ള മനസ്സു കാണിക്കണം. അവര്‍ സുഖിക്കുമ്പോള്‍, ഇവിടെ മരുന്നിനും ഭക്ഷണത്തിനും കാശില്ലാതെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ഭിക്ഷക്കാരെപ്പോലെ ജീവിക്കേണ്ട അവസ്ഥയിലാണ് പെന്‍ഷന്‍കാര്‍. ദിനംപ്രതി രണ്ടുപേര്‍ എന്ന നിരക്കില്‍ KSRTCയില്‍ ജീവനക്കാര്‍ മരണപ്പെടുകയാണ്. ആത്മഹത്യകളും, ഹൃദയസംബന്ധമായ രോഗങ്ങളും മൂലമാണ് കൂടുതലും മരണങ്ങള്‍ സംഭവിക്കുന്നത്.
ഇതിന്റെയെല്ലാം കാരണം ശമ്പളം എന്ന ഒറ്റ ചിന്തയാണെന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ വാങ്ങിക്കൂട്ടുന്ന ശാപങ്ങള്‍ക്ക് ഒരു കണക്കുമില്ല. അതിന്റെയെല്ലാം ഭവിഷ്യത്ത് വരാനിരിക്കുന്നതേയുള്ളൂ. പ്രളയമായോ, വരള്‍ച്ചയായോ, സൂര് താപമായോ ഒക്കെ എത്തുമെന്നു പ്രതീക്ഷിച്ചേ മതിയാകൂ. പാവപ്പെട്ട മനുഷ്യരെ അത്രയും ദ്രോഹിച്ചു കഴിഞ്ഞിരിക്കുന്നു. സുഖവാസത്തിനു പോയ മുഖ്യമന്ത്രിയോ മരുമകന്‍ മന്ത്രിയോ ചിന്തിച്ചില്ല, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തെ ജനങ്ങള്‍ ക്ഷേമ പെന്‍ഷന്‍ കിട്ടാതെ ദാരിദ്ര്യത്തിലാണെന്ന്. പക്ഷെ, ധൂര്‍ത്തിന് ഒരു കുറവുമുണ്ടായിട്ടില്ല.
വിദേശയാത്രകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ കൂടിയായ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എപ്പോഴും മൗനമാണ്. വിദേശ സന്ദര്‍ശനങ്ങളുടെ നിയമസഭ ചോദ്യത്തിന് 3 മാസമായിട്ടും റിയാസ് ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ടൂറിസം മന്ത്രി എത്ര തവണ വിദേശ സഞ്ചാരം നടത്തി, സന്ദര്‍ശിച്ച രാജ്യങ്ങളുടെ പേരും സന്ദര്‍ശന തീയതി, താമസിച്ച ഹോട്ടല്‍, സന്ദര്‍ശനങ്ങള്‍ക്കായി ഖജനാവില്‍ നിന്ന് ചെലവഴിച്ച തുക, മന്ത്രിയുടെ കുടുംബാംഗങ്ങള്‍ വിദേശയാത്രയില്‍ അനുഗമിച്ചിരുന്നോ, അവരുടെ ചെലവ് ആരാണ് വഹിച്ചത് എന്നീ ചോദ്യങ്ങള്‍ക്കാണ് മറുപടിയില്ലാത്തത്.
തൃപ്പൂണിത്തുറ എംഎല്‍എ കെ. ബാബുവാണ് ഈ വര്‍ഷം ഫെബ്രുവരി 1 ന് മുഹമ്മദ് റിയാസിനോട് നിയമസഭയില്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 5 തവണ റിയാസ് വിദേശ സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് വിവരം. ഫ്രാന്‍സ് ഉള്‍പ്പെടെ പല വിദേശ സന്ദര്‍ശനങ്ങളിലും ഭാര്യ വീണ വിജയന്‍ റിയാസിനെ അനുഗമിച്ചിരുന്നു. 2 കോടി രൂപ റിയാസിന്റെയും കുടുംബത്തിന്റെയും വിദേശ സന്ദര്‍ശനത്തിന് ചെലവായെന്നാണ് സൂചന. ഇതിനു ശേഷമാണ് ഇപ്പോള്‍ വിദേശയാത്ര നടത്തിയിരിക്കുന്നത്.
19 ദിവസത്തേക്കാണ് റിയാസിന്റേയും വീണയുടേയും യാത്ര. ദുബായ്ക്ക് പുറമേ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും സന്ദര്‍ശനം നടത്തും. ജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ് മുഖ്യമന്ത്രിയുടെയും ഭാര്യയുടേയും മരുമകന്റെയും മകളുടേയും കൊച്ചു മകന്റേയും യാത്ര. എന്നിട്ടും യാത്ര വിവരങ്ങള്‍ അത്യന്തം രഹസ്യമായി സൂക്ഷിച്ചത് എന്തിനാണെന്നത് മറ്റൊരു ചോദ്യം. നിയമസഭ ചോദ്യത്തിന് റിയാസ് മറുപടി നല്‍കാത്തതും വിദേശ യാത്രയിലെ ദുരൂഹത അടിമുടി വര്‍ദ്ധിപ്പിക്കുന്നുണ്ട്.
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ എ.സി വാങ്ങല്‍ മഹാമേളയാണ് അടുത്ത ധൂര്‍ത്ത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 8.50ലക്ഷം രൂപയുടെ എ.സിയാണ് സെക്രട്ടേറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വാങ്ങിയത്. വകുപ്പുകളിലേക്ക് 3.10 ലക്ഷം രൂപയുടെ ഫാനുകള്‍ വാങ്ങാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചൂട് സഹിക്കാന്‍ പറ്റുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് പുതിയ എ.സികള്‍ വാങ്ങിയത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി, കൃഷി സെക്രട്ടറി, കൃഷി മന്ത്രിയുടെ ഓഫിസ്, പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്നിവര്‍ക്കാണ് പുതിയ എ.സി വാങ്ങി നല്‍കിയത്.
സെക്രട്ടേറിയേറ്റില്‍ 3.10 ലക്ഷം രൂപയ്ക്ക് ഫാനുകളും വാങ്ങുന്നുണ്ട്. സെക്രട്ടേറിയേറ്റിലെ വിവിധ ഓഫിസുകളില്‍ സ്ഥാപിക്കാന്‍ വാള്‍ മൗണ്ട് ഫാനുകളാണ് വാങ്ങുന്നത്. അഡീഷണല്‍ സെക്രട്ടറി, സ്‌പെഷ്യല്‍ സെക്രട്ടറി, ഐ എ എസുകാര്‍ , മന്ത്രിമാരുടെ ഓഫിസ് എന്നിവിടങ്ങളില്‍ എസി സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിവിധ വകുപ്പുകളില്‍ ഫാനുകളാണ് ആശ്രയം. ചൂട് കൂടിയതോടെയാണ് പുതിയ ഫാനുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. തുക അനുവദിച്ച ഉത്തരവ് പൊതുഭരണ ഹൗസ് കീപ്പിംഗ് സെല്ലില്‍ നിന്നും ഇറങ്ങിക്കഴിഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൈക്കോടതി ജഡ്ജിമാരുടെ ക്ലബ്ബ് നവീകരണത്തിന് പണം അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 1.16 കോടിയാണ് അനുവദിച്ചത്. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിമാരും റിട്ടയേര്‍ഡ് ജഡ്ജിമാരും ആണ് ക്ലബ്ബ് ഉപയോഗിക്കുന്നത്. വായന മുറിയും ക്ലബ്ബും ആയാണ് ജഡ്ജസ് ‘ലൈയിസം’ സജ്ജീകരിച്ചിരിക്കുന്നത്. എറണാകുളം ദിവാന്‍സ് റോഡിലെ ജഡ്ജസ് റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ ഫ്ളാറ്റ് 1 എ ആണ് ലൈയിസം ആയി ഉപയോഗിക്കുന്നത്.
18 വര്‍ഷം കാലപ്പഴക്കം ഉള്ള ക്ലബ്ബ് നവീകരിക്കാന്‍ പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ 2023 ഡിസംബര്‍ 10 ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാര്‍ച്ച് 16 ന് പണം അനുവദിക്കാന്‍ ധനമന്ത്രി ബാലഗോപാല്‍ സമ്മതിച്ചു. തുടര്‍ന്ന് ഈ മാസം 3 ന് ആഭ്യന്തര വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങിയത്. ഇങ്ങനെ ചോദിക്കുന്നവര്‍ക്കെല്ലാം മുഖം നോക്കി പണം അനുവദിക്കുന്ന ധനവകുപ്പിന് പാവപ്പെട്ടവന്റെ പിച്ചക്കാശ് നല്‍കാന്‍ മടിയാണ്.
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിലും ക്ഷേമ പെന്‍ഷന്‍കാര്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്. ഈ സാമ്പത്തിക വര്‍ഷം മുതല്‍ എല്ലാ മാസവും ക്ഷേമ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ബാലഗോപാലിന്റെ വാഗ്ദാനം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബാലഗോപാല്‍ വാഗ്ദാനം ചുരുട്ടി പോക്കറ്റില്‍ വെച്ചു. ക്ഷേമ പെന്‍ഷന്‍ ഈ മാസം വിതരണം ചെയ്യില്ലെന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം.
ഇതോടെ ക്ഷേമപെന്‍ഷന്‍ കുടിശിക 6 മാസമായി ഉയരും. 2023 നവംബര്‍ വരെയുള്ള ക്ഷേമ പെന്‍ഷന്‍ മാത്രമാണ് കൊടുത്തത്. 2023 ഡിസംബര്‍, 2024 ജനുവരി, ഫെബ്രുവരി , മാര്‍ച്ച്, ഏപ്രില്‍ എന്നി മാസങ്ങളിലെ ക്ഷേമ പെന്‍ഷനാണ് കൊടുക്കാനുള്ളത്. ഈ മാസം കൂടിയാകുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക 6 മാസമായി ഉയരും.900 കോടി രൂപയാണ് ഒരു മാസം ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്. 6 മാസത്തെ ക്ഷേമ പെന്‍ഷന്‍ കൊടുക്കാന്‍ 5400 കോടി വേണം. 1600 രൂപ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ഇനത്തില്‍ ഓരോ പെന്‍ഷന്‍കാര്‍ക്കും 9600 രൂപ വീതം സര്‍ക്കാര്‍ കൊടുക്കാനുണ്ട്.
കൃത്യമായി നികുതികള്‍ ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്ന സര്‍ക്കാര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ക്ഷേമപെന്‍ഷന്‍ തടഞ്ഞ് വച്ചിരിക്കുന്നത് നീതികരിക്കാനാവുന്നതല്ല. ഒരു വശത്ത് ആശുപത്രി ചികില്‍സക്ക് ചെലവായ മരുന്ന് മാത്രമല്ല കുളിക്കാന്‍ ഉപയോഗിച്ച തോര്‍ത്തിന്റേയും കഴിച്ച ഭക്ഷണത്തിന്റേയും വില വരെ ഖജനാവില്‍ നിന്ന് കൃത്യമായി പോക്കറ്റിലാക്കുന്ന മന്ത്രിമാര്‍ മറുവശത്ത് മരുന്ന് വാങ്ങിക്കാന്‍ പോലും പണം ഇല്ലാതെ ക്ഷേമ പെന്‍ഷന്‍കാര്‍.
2500 രൂപയായി ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും എന്നായിരുന്നു പ്രകടന പത്രിക വാഗ്ദാനം. ക്ഷേമ പെന്‍ഷന്‍ 100 രൂപ പോലും വര്‍ദ്ധിപ്പിച്ചില്ലെന്ന് മാത്രമല്ല 6 മാസത്തെ കുടിശികയും ആക്കി രണ്ടാം പിണറായി സര്‍ക്കാര്‍. പ്രകടന പത്രിക ഒക്കെ തമാശയായി മാറുന്ന കാലം. ഇതിനിടയിലും സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം കെങ്കേമമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇത്രയൊക്കെ ചെയ്യുന്ന സര്‍ക്കരിന് ജനം കരുതി വെച്ചിരിക്കുന്ന ഒരു വിശ്രമമുണ്ട്. അഞ്ചു വര്‍ഷം തികയുമ്പോള്‍. അത് ദൈവം വിശ്രമിച്ച പോലുള്ള വിശ്രമമായിരിക്കില്ല. ചെകുത്താന് നല്‍കുന്ന ശിക്ഷയായിരിക്കും.