ഒടുവില്‍ മന്ത്രിയുടെ തന്ത്രങ്ങള്‍ ഫലംകണ്ടെന്നും കണ്ടില്ലെന്നും പറയേണ്ട അവസ്ഥയാണ്. ഡ്രൈവിംഗ് സ്‌കൂളുകളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ പരസ്പര വിട്ടു വീഴ്ചകള്‍ക്കു വിധേയമായി കാര്യങ്ങള്‍ തീരുമാനിച്ചു. എന്നാല്‍, സി.ഐ.ടി.യു മന്ത്രിയുടെ വാക്കുകള്‍ക്ക് അത്ര പ്രാധാന്യം നല്‍കിയിട്ടില്ല. എന്നാല്‍, സംയുക്ത സമര സമിതി ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരായാണ് മടങ്ങിയത്.
വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 ആക്കി. സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും മാറ്റങ്ങള്‍ വരുത്തുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. രണ്ടുവശത്തും ക്ലച്ചും ബ്രേക്കും വരുന്ന വാഹനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാം. ടെസ്റ്റ് നടത്തുമ്പോള്‍ ക്യാമറ വേണമെന്ന നിബന്ധന അംഗീകരിച്ചെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതും അംഗീകരിച്ചു. ഇതോടെ സമരം പിന്‍വലിക്കുകയും ചെയ്തു.
രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്നത്തിലാണ് ഇന്ന് പരിഹാരമായത്. സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുള്ള എതിര്‍പ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഉണ്ടായത്. ആരുടെയും ജോലി പോകില്ലെന്നും അഞ്ചുവര്‍ഷം എക്സ്പീരിയന്‍സ് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് സ്‌കൂള്‍ ഫീസ് നിര്‍ണയിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ആദ്യം എച്ച് പിന്നീട് റോഡ് ടെസ്റ്റ് എന്ന രീതി തുടരും.
സര്‍ക്കുലര്‍ പിന്‍വലിക്കില്ല, പ്രായോഗിക മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുക. കെ.എസ്.ആര്‍.ടി.സിയുടെ 21 സ്ഥലങ്ങളില്‍ ടെസ്റ്റ് നടത്തും. അതേസമയം, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരല്ലാത്ത സി.ഐ.ടി.യു. മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തുന്ന വാഹനത്തില്‍ ടെസ്റ്റ് നടത്തണമെന്ന നിര്‍ദ്ദേശം അംഗീകരിക്കില്ല. ഒരു ദിവസം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം ഇനിയും ഉയര്‍ത്തണം. സമരം തുടരണമോയെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.
എന്നാല്‍, ചര്‍ച്ചയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് സംയുക്ത സമരസമിതി ജനറല്‍ സെക്രട്ടറി പ്രസാദ് അറിയിച്ചു. പറഞ്ഞ കാര്യങ്ങള്‍ ഒക്കെ അംഗീകരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു.