Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ചു വയസുകാരി ​ഗുരുതരാവസ്ഥയിൽ

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി ​ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺ‌കുട്ടി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെൻറിലേറ്ററിൽ തുടരുകയാണ് പെൺകുട്ടി.

ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും രോഗലക്ഷങ്ങൾ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉള്ള നാല് കുട്ടികളുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. അഞ്ചു പേർ നിരീക്ഷണത്തിലാണ്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്.

ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയിൽ കുളിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് മൂന്ന് ദിവസം മുമ്പ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നതുവഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. പനി,തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.