തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ച വിജയം. ഡ്രൈവിങ് സ്‌കൂളുകാര്‍ സമരം പിന്‍വലിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നായിരുന്നു ഡ്രൈവിങ് സ്‌കൂളുകാരുടെ ആവശ്യം. എന്നാല്‍, കൂടിയാലോചിച്ച് വേണ്ട പരിഷ്‌കരണങ്ങള്‍ നടത്താന്‍ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കും. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റുമാകും തുടർന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഓരോ ആർടി ഓഫീസുകളിലും സബ് ആർടി ഓഫീസുകളിലും എത്ര ലേണേഴ്സ് ബാക്കിയുണ്ടെന്നുള്ള ലിസ്റ്റ് പരിശോധിക്കും. പെൻഡിങ് ഉള്ളയിടങ്ങളിൽ എൻഫോഴ്സ്മെന്റിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിച്ച് പൂർത്തിയാകാനുള്ളവ പൂർത്തീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ലേണേഴ്സ് ലൈസൻസിന്റെ കാലാവധി തീരുമെന്ന പേടി വേണ്ടെന്നും മന്തി പറഞ്ഞു. ആറു മാസം കഴിഞ്ഞാൽ ഒരു ചെറിയ ഫീസ് ഈടാക്കി അത് ദീർഘിപ്പിക്കാൻ സാധിക്കും. ഡ്രൈവിങ് പഠനഫീസ് ഏകോപിപ്പിക്കുന്നതിന് ഒരു കമ്മീഷനെ നിയോഗിക്കുമെന്നും മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. യോഗ്യരായവർക്ക് മാത്രം ലൈസൻസ് നൽകണമെന്നാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനോട് ഡ്രൈവിങ് സ്കൂളുകാരും യോജിച്ചതായും മന്ത്രി വ്യക്തമാക്കി.