ഭുവനേശ്വര്‍: ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സില് ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ഇന്ത്യയില്‍ മത്സരിക്കുന്നത്.
82.06 മീറ്റര്‍ എറിഞ്ഞ ഡി.പി. മനുവിനാണ് വെള്ളി. ഉദ്ധം പാട്ടീല്‍ (78.39 മീ) വെങ്കലം നേടി.
മറ്റൊരു പ്രധാനതാരം കിഷോര്‍കുമാര്‍ ജെന നിരാശപ്പെടുത്തി. മൂന്ന് ശ്രമങ്ങളും ഫൗളില്‍ കലാശിച്ച ജെനയുടെ മികച്ച ത്രോ 75.49 മീറ്റര്‍ മാത്രമായിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ നീരജ് ചോപ്ര (88.88 മീ.) സ്വര്‍ണവും കിഷോര്‍ (87.54 മീ.) വെള്ളിയും നേടിയിരുന്നു.