റാഞ്ചി: കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ (70) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മന്ത്രിയുടെ പഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട്ടുസഹായിയിൽനിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ഇ.ഡി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം 9 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 11 മണിയോടെ ഇ.ഡി ഓഫിസിലെത്തിയ മന്ത്രിയെ, രാത്രി 830ഓടെയാണ് വിട്ടയച്ചത്. ഇതിന്റെ തുടർച്ചയായാണ് അറസ്റ്റ്.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനായി 70കാരനായ ആലമിനോട് ചൊവ്വാഴ്ച റാഞ്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു.
മെയ് ആറിന് ആലമിന്റെ പേഴ്സനൽ സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയായ ജഹാംഗീർ ആലമിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. റെയ്ഡിൽ 37 കോടി രൂപ കണ്ടെടുത്തെന്ന് അവകാശപ്പെട്ട ഇ.ഡി സഞ്ജീവ് ലാലിനെയും ജഹാംഗീറിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആലംഗീർ ആലമിനെതിരായ നടപടി.
നേരത്തെ, അറസ്റ്റിലായ ജാർഖണ്ഡ് ഗ്രാമവികസന വകുപ്പ് മുൻ ചീഫ് എഞ്ചിനീയർ വീരേന്ദ്ര കെ റാമിനെതിരെ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ. വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇ.ഡി നടപടി. റാമിന്റെ 39 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിക്കാനായി കോണ്‍ഗ്രസ് അഴിമതിയിലൂടെ സമ്പാദിച്ച പണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് ജാർഖണ്ഡ് ബിജെപി വക്താവ് പ്രതുൽ ഷാദേവ് ആവശ്യപ്പെട്ടു. 70 കാരനായ അലംഗീർ ആലം കോൺഗ്രസ് നേതാവാണ്. പാകൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്. പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലായെയും വീട്ടുജോലിക്കാരനെയും ഇഡി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.