ദോഹ ∙ നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് ദോഹയിൽ തുടക്കമായി. ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായും ഇന്ത്യൻ സ്ഥാനപതിയുമായും സാമ്പത്തിക ഫോറം വേദിയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ മേഖലയിലെ സഹകരത്തിന് ലുലു ഗ്രൂപ്പ് നൽകുന്ന സംഭാവനകളെ അംബാസഡർ വിപുൽ സമൂഹമാധ്യമമായ എക്സിൽ ശ്ലാഘിച്ചു. ലുലു ഗ്രൂപ്പ് ഖത്തർ, യുഎസ്, യൂറോപ്പ് ഡയറക്ടർ മുഹമ്മദ് അൽത്താഫ് സംബന്ധിച്ചു.
അതേസമയം, നാലാമത് ഖത്തർ സാമ്പത്തിക ഫോറത്തിന് തുടക്കമായി . മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുക്കും. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും, മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ സമ്പദ്ഘടനയ്ക്കുണ്ടാക്കുന്ന ആഘാതവുംഖത്തർ സാമ്പത്തിക ഫോറം ചർച്ച ചെയ്യും.ഉദ്ഘാടന സെഷനിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആൽഥാനി പങ്കെടുക്കും.
ലുസൈലിലെ ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന ഫോറത്തിൽ പോളണ്ട് പ്രസിഡന്റ് ആന്ദ്രേസ് ഡ്യൂഡ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹിം, ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി പ്രബാവോ സുബിയാൻതോ, സൗദി ടൂറിസം മന്ത്രി അഹ്‌മദ് അൽ കതീബ്, ഖത്തർ ഊർജകാര്യ സഹമന്ത്രി സഅദ് ഷെരീദ അൽ കഅ്ബി, ധനകാര്യ മന്ത്രി അലി ബിൻ അഹ്‌മദ് അൽ കുവാരി, തുടങ്ങി രാഷ്ട്രതലവന്മാരും മന്ത്രിമാരും നയതന്ത്രപ്രതിനിധികളും വിവിധ സെഷനുകളിൽ പങ്കെടുക്കുന്നുണ്ട്.ട്രാവൽ, ടൂറിസം മേഖലയിലൂന്നിയാകും പ്രധാന ചർച്ചകൾ.
പാനൽ ചർച്ചകൾ, മുഖ്യ പ്രഭാഷണങ്ങൾ, സംവാദ സദസുകൾ തുടങ്ങി വ്യത്യസ്ത പരിപാടികൾ ഫോറത്തോടനുബന്ധിച്ച് നടക്കും. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭാവി, സാമ്പത്തിക വളർച്ചയിൽ നവീകരണത്തിന്റെ പങ്ക്, മഹാമാരിക്ക് ശേഷമുള്ള സാമ്പത്തിക മുന്നേറ്റ ശ്രമങ്ങൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.