ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 3 ഘട്ടം കൂടി ബാക്കിനിൽക്കെ, വിവാദ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം രാജ്യത്ത് മുന്നൂറിലേറെപേർക്ക് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വം നൽകി. ആദ്യമായാണ് സിഎഎ പ്രകാരം രാജ്യത്തു പൗരത്വം നൽകുന്നത്. ഡൽഹിയിൽ പൗരത്വം ലഭിച്ച 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് മാർ ഭല്ല നേരിട്ട് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി.
പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇസ്‍ലാം ഒഴികെ 6 മതങ്ങളിൽപെട്ടവർക്കാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകുന്നത്. പൗരത്വ വിഷയം ഏറെ ചർച്ചയായ ഡൽഹി, യുപി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടിങ് നിർണായകഘട്ടത്തിലേക്കു നീങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. വലിയ സംസ്ഥാനങ്ങളായ യുപിയിൽ 41 സീറ്റിലും ബംഗാളിൽ 24 സീറ്റിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.
മമത ബാനർജിക്ക് സിഎഎ നടപ്പാക്കുന്നത് തടയാനാവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ബംഗാളിലെ മാട്ടുവ വിഭാഗത്തിനു പൗരത്വം നൽകുമെന്ന ഉറപ്പും ചൊവ്വാഴ്ച അമിത് ഷാ നൽകിയിരുന്നു. മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി 2019 ലാണ് പാർലമെന്റ് പാസാക്കിയത്. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ 6 ദിവസം മാത്രം ബാക്കിനിൽക്കെ, കഴിഞ്ഞ മാർച്ച് 11നാണ് സിഎഎ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്.