പനീര്‍ മിക്കവരുടെയും ഇഷ്ടഭക്ഷണമാണ്. പ്രത്യേകിച്ച് വെജിറ്റേറിയൻ വിഭവങ്ങള്‍ മാത്രം കഴിക്കുന്നവര്‍ക്ക്. അധികപേരും പക്ഷേ പനീര്‍ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ പനീര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റ് കടകളില്‍ നിന്നോ വാങ്ങിക്കുകയാണ് പതിവ്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. വീട്ടിൽ തന്നെ സോഫ്റ്റായ പനീർ തയ്യറാക്കാം.
ആവശ്യമായ ചേരുവകള്‍
- ഫുള്‍ ഫാറ്റ് മില്‍ക്ക് – 2 ലിറ്റര്‍
- ഫ്രഷ് ക്രീം – 200 ഗ്രാം
- വിനിഗര്‍/ ചെറുനാരങ്ങാനീര് – നാലോ അഞ്ചോ ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം കുറച്ച് വെള്ളത്തില്‍ വിനിഗര്‍/ ചെറുനാരങ്ങാനീര് ചേര്‍ത്ത് യോജിപ്പിച്ച് ഇത് മാറ്റിവയ്ക്കാം. ഇനി പാല്‍ ചൂടാക്കാൻ വയ്ക്കണം. കുറഞ്ഞ തീയില്‍ തിളപ്പിച്ച് ഇളക്കിയെടുക്കുകയാണ് വേണ്ടത്. കുറഞ്ഞ തീയിലേ ഇത് ചെയ്യാവൂ. പാല്‍ നന്നായി തിളച്ചുകിട്ടുമ്പോള്‍ ഇതിലേക്ക് ക്രീം ചേര്‍ക്കണം.
ക്രീം കൂടി ചേര്‍ത്ത് വീണ്ടും അല്‍പനേരം ഇളക്കിക്കൊടുത്ത്, അതിന് ശേഷം വെള്ളവും വിനിഗറും/ ചെറുനാരങ്ങാനീരും യോജിപ്പിച്ച് വച്ചത് കൂടി ചേര്‍ക്കുക. ഇതോടെ പതുക്കെ പാല്‍ പിരിഞ്ഞുതുടങ്ങും.നന്നായി പിരിഞ്ഞുകഴിഞ്ഞാല്‍ തീ അണയ്ക്കണം. ശേഷം ഇത് ഒരു അരിപ്പയില്‍ ഒരു നേര്‍ത്ത കോട്ടണ്‍ തുണി വിരിച്ച് അതിലേക്ക് പകര്‍ന്ന് വെള്ളം മുഴുവനായി ഊറ്റിക്കളയണം.
ഒരിക്കലും കൈ വച്ചോ അല്ലാതെയോ പിഴിഞ്ഞെടുക്കരുത്. വെള്ളം വാര്‍ന്നുകഴിഞ്ഞാല്‍ ഒന്നുരണ്ട് തവണ സാധാരണ- പച്ചവെള്ളം കൊണ്ട് ഒന്നുകൂടി ഇത് കഴുകിയെടുക്കണം. അസിഡിക് ആയ അംശങ്ങള്‍ പോകാനാണ് ഇത് ചെയ്യുന്നത്. ശേഷം തുണി കിഴി കെട്ടി ഇതിന് മുകളില്‍ കനമുള്ള എന്തെങ്കിലും വയ്ക്കുക. വെള്ളത്തിന്‍റെ അംശം പരിപൂര്‍ണമായി പോയി പനീര്‍ കട്ടിയായി കിട്ടാനാണ് ഇത് ചെയ്യുന്നത്. അല്‍പസമയം കഴിയുമ്പോഴേക്ക് പനീര്‍ കട്ടിയായി കിട്ടും. എന്നാലിത് മുറിച്ചെടുക്കുമ്പോള്‍ വളരെ സോഫ്റ്റായിരിക്കും.