പ്രഖ്യാപനം മുതൽ മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് മമ്മൂട്ടിയുടെ ടർബോ. ഇപ്പോളിതാ ടര്‍ബോയുടെ പ്രമോഷന്‍റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. പ്രേക്ഷകരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നത്. ‘ഇവരുടെ ധൈര്യത്തിലാ നമ്മള്‍ നില്‍ക്കുന്നത് 42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് , വിട്ടിട്ടില്ല ഇനിയും വിടത്തില്ല’. എന്നാണ് താരം വിഡിയോയില്‍ പറയുന്നത്.
നാടൻ ചട്ടമ്പിയല്ല, വഴക്കാളിയല്ല, ഗുണ്ടയല്ല. ജോസൊരു ഡ്രൈവറാണ്. പക്ഷേ ജോസ് നേരിടേണ്ടി വരുന്നത് വന്‍ അടിയാണ്. അവിടെ ജോസ് പതറിപ്പോകും. ഇടിക്കാൻ വേണ്ടിയുള്ള ഇടിയല്ല. ഇടികൊള്ളാതിരിക്കാനുള്ള ഇടിയാണ് സിനിമയിലുള്ളത്. വേണമെങ്കിൽ ഇതിനെ സർവൈവൽ ത്രില്ലറൊന്നൊക്കെ പറയാം. കഥയുടെ ഒരു സിംഹഭാഗവും തമിഴ്നാട്ടിലാണ് സംഭവിക്കുന്നത്. തമിഴ് കഥാപാത്രങ്ങളും ഒരുപാട് വന്നുപോകുന്നുണ്ട്. തെലുങ്ക് താരങ്ങളും ഒരുപാടുണ്ട്. ചില പരിതസ്ഥിതികളില്‍ ഒരു ശക്തി എവിടുന്നോ വന്നുചേരും. അതുപോലെയാണ് ജോസിനൊരു ശക്തിയുണ്ടാവുന്നത്. അതിനെ വേണമെങ്കില്‍ നമുക്ക് ‘ടര്‍ബോ’ എന്ന് വിളിക്കാമെന്നുമാണ് ടർബോ ജോസ് എന്ന കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറയുന്നത്.
ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ടര്‍ബോ ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്സാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ്. മെയ് 23നാണ് സിനിമ റിലീസ് ചെയ്യുന്നത്.
View this post on Instagram
മിഥുൻ മാനുവൽ തോമസാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്‍പീഡ് ചേസിങ് വരെ ചിത്രീകരിക്കാൻ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്‌പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ ‘പർസ്യുട്ട് ക്യാമറ’യാണ് ‘ടർബോ’യിൽ ഉപയോഗിച്ചിരിക്കുന്നത്. വിഷ്‍ണു ശർമ്മയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്.