വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന് ആവശ്യമായുള്ള അവസാനവട്ട ക്രെയിനുകളുമായി ഏഴാമത്തെ കപ്പല്‍ ബെര്‍ത്തില്‍ അടുത്തു. ഇതോടെ ആദ്യഘട്ടത്തില്‍ ആവശ്യമായ 32ലെ 31എണ്ണവും എത്തിക്കഴിഞ്ഞു. ഈ മാസത്തിനുള്ളില്‍ തന്നെ അവശേഷിക്കുന്ന ഒരു കാന്റീലിവര്‍ മൗണ്ട് ക്രെയിന്‍ എത്തിച്ചേരും. ഷെന്‍ഹൂവ 34 കപ്പലിലാണ് നിലവില്‍ ക്രെയിനുകള്‍ എത്തിച്ചിരിക്കുന്നു. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനും രണ്ട് കാന്റീലിവര്‍ മൗണ്ട്ഡ് ക്രെയിനുമാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നലെ രാത്രിയോടെ വിഴിഞ്ഞം തുറമുഖത്തിന്റെ പുറം കടലിലെത്തിയ ഷെന്‍ഹുവ 34 ഇന്ന് രാവിലെ 11:10 ഓടെ തുറമുഖ ബര്‍ത്തലേക്ക് അടുപ്പിച്ചു. അദാനി കമ്പിനിയുടെ രണ്ടു ടഗ്ഗുകള്‍ ചേര്‍ന്നാണ് ഷെന്‍ഹുവ 34 നെ ബെര്‍ത്തിലേക്ക് അടുപ്പിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ക്രെയിനുകള്‍ ഇറക്കിയ ശേഷം ഷെന്‍ഹുവ 34 തുറമുഖം വിടും. ക്രെയിനുകളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാതിനു ശേഷം ജൂണ്‍ മാസം ആദ്യവാരത്തോടെ തുറമുഖത്തിന്റെ ട്രെയില്‍ റണ്‍ ആരംഭിക്കും. ഇതിനായി അദാനിയുടെ മറ്റു തുറമുഖങ്ങളില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ എത്തും.
ജൂണില്‍ ആരംഭിക്കുന്ന ട്രെയില്‍ റണ്ണിന്റെ ആദ്യഘട്ടത്തില്‍ ബാര്‍ജുകളായിരിക്കും കണ്ടെയ്‌നറുകള്‍ കൊണ്ടുവരുക. 20 അടിയുടെയും 40 അടിയുടെയും കണ്ടെയ്‌നറുകളാണ് ബാര്‍ജില്‍ കൊണ്ടുവരുന്നത്. അതിനുശേഷം ചെറുകപ്പലുകളില്‍ കണ്ടെയ്‌നര്‍ കൊണ്ടുവന്ന രണ്ടാം ഘട്ട ട്രെയില്‍ റണ്‍ നടത്തും. ട്രെയിന്‍ റണ്ണിനായി തുറമുഖ വാര്‍ഫ് ഒരുങ്ങി കഴിഞ്ഞു. ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങളുടെ ട്രെയില്‍ റണ്ണുകളും നടന്നു കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാവും തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുക. കപ്പലില്‍നിന്ന് കരയിലേക്കും കരയില്‍നിന്ന് കപ്പലുകളിലേക്കും ചരക്കുകളുടെ കയറ്റിറക്കല്‍ നടത്തും.
പുലിമുട്ട് പൂര്‍ത്തിയായി
വിഴിഞ്ഞം തുറമുഖത്ത് നടന്നതില്‍ വെച്ച് ഏറ്റവും വെല്ലുവിളിനിറഞ്ഞ പ്രവര്‍ത്തനമായ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) കമ്പിനി ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിസില്‍ കമ്പിനി 2.959 കിലോമീറ്റര്‍ നീളമുള്ള പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചതായി അറിയിച്ചത്. തിരമാലകളെ ചെറുത്ത് കപ്പല്‍ ഗതാഗതത്തിന് സൗകര്യപ്രദമായ രീതിയല്‍ നിര്‍മ്മിക്കേണ്ട പുലിമുട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചിട്ടുണ്ടെന്ന് പോസ്റ്റില്‍ പറഞ്ഞു. പുലിമുട്ടിന് കവചമൊരുക്കുന്നതിനും സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും വേണ്ടി അക്രോപോഡുകളുടെ സ്ഥാപിക്കുന്ന ജോലികളാണ് നടന്നു വരുന്നത്. അത് വരും ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തികരിക്കുന്നതരത്തില്‍ അതിവേഗത്തിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
വിഴിഞ്ഞത്ത് 20 മീറ്റര്‍ താഴ്ചയിലും സമുദ്രനിരപ്പില്‍ നിന്ന് 7.5 മീറ്റര്‍ ഉയരത്തിലുമാണ് ബ്രേക്ക് വാട്ടര്‍ നിര്‍മ്മിക്കുന്നത്. 20 മീറ്ററിലധികം ആഴമുള്ള കടലില്‍ ഇത്തരമൊരു ഭീമാകാരമായ നിര്‍മ്മിതി ലോകത്ത് വളരെ അപൂര്‍വവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പുലിമുട്ടിന്റെ മുകളില്‍ 10 മീറ്റര്‍ വീതിയും കടലിന്റെ അടിയില്‍ 100 മീറ്റര്‍ മുതല്‍ 120 മീറ്റര്‍ വരെ വീതിയും ഉണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇതൊരു എഞ്ചിനീയറിംഗ് വിസ്മയമാണെന്ന് വിസില്‍ പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.