തൃശ്ശൂർ: നഗരത്തില്‍ അനാശാസ്യം നടത്താനും, വെള്ളമടിക്കാനും പറ്റിയൊരിടം കിട്ടാനായി സാമൂഹ്യ വിരുദ്ധര്‍ പരക്കം പായുമ്പോഴാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഫ്‌ളാറ്റ് സമുച്ചയം തന്നെ കിട്ടുന്നത്. അങ്ങനെ തൃശൂരിലെ ശങ്കര അയ്യർ റോഡിൽ സണ്ണി ഡയമണ്ട്സിന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന എല്‍. റോയ് ഫ്‌ളാറ്റ് ലഹരി ഇടപാടുകള്‍ക്കും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ടു തുടങ്ങി.
ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഇനിയും വിറ്റുപോകാത്ത ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം നടക്കുന്നത്. ഫ്‌ളാറ്റുകള്‍ സമയബന്ധിതമായി വിറ്റു പോകാതായതോടെ നിര്‍മ്മാണ കമ്പനിക്ക് കോടികളുടെ ബാധ്യതയുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കാനെന്നോണം നിര്‍മ്മാണ കമ്പനി വിറ്റുപോകാത്ത ഫ്‌ളാറ്റുകള്‍ ദിവസ വാടകയ്ക്ക് ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ തുടങ്ങി.
ഇതോടെ ഫ്‌ളാറ്റിലേക്ക് ഓട്ടോറിക്ഷ മുതല്‍ വലിയ കാറുകളില്‍ വരെ വുദ്യാർത്ഥികളും യുവാക്കളും തുടങ്ങി ആള്‍ക്കാര്‍ എത്തിത്തുടങ്ങി. ഒറ്റ ദിവസത്തേക്ക് വാടകയ്‌ക്കെടുക്കുന്നവര്‍ക്ക് എന്ത് ഫ്‌ളാറ്റ്, എന്ത് സാമൂഹ്യ പ്രതിബദ്ധത. തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ആരാണെന്നു പോലും ദിവസ വാടകയ്ക്ക് ഫ്‌ളാറ്റെടുക്കുന്നവര്‍ക്ക് അറിയേണ്ടതില്ല. ഒറ്റ രാത്രിയില്‍ തീര്‍ക്കാനുള്ള സര്‍വ്വ തരികിട പരിപാടികളും കാട്ടിക്കൂട്ടിയിട്ട് അവര്‍ പോകും. പിന്നെ, ഇതിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത്, ഗതികേടിന് ഫ്‌ളാറ്റ് വാങ്ങിയ കുടുംബങ്ങളാണ്.വില്‍ക്കാനും വയ്യ, ജീവിക്കാനും വയ്യാത്ത അവസ്ഥയിലായിരിക്കുകയാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍. പരാതികള്‍ പറയാന്‍ കഴിയുന്നിടത്തെല്ലാം പറഞ്ഞു കഴിഞ്ഞു. ഇനി എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍.
ഫ്‌ളാറ്റ് നിര്‍മ്മിച്ചതിന്റെ നഷ്ടം നികത്താന്‍ ഫ്‌ളാറ്റ് നിര്‍മ്മാണ കമ്പനി കണ്ടെത്തിയ കുറുക്കു വഴി വലിയ വിനയായി മാറിക്കഴിഞ്ഞു. ഫ്‌ളാറ്റുകള്‍ ദിവസവാടകയ്ക്കും മാസവാടകക്കും എടുക്കുന്നവരാണ് ലഹരി ഇടപാടുകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും നിര്‍ബാധം നടത്തുന്നതെന്നും ഫ്‌ളാറ്റിലെ സ്ഥിര താമസക്കാര്‍ പറയുന്നു. എന്നാല്‍ അവിടെ നടക്കുന്നത് എന്താണെന്ന് പോലും ഫ്‌ളാറ്റ് ഉടമകള്‍ അന്വേഷിക്കാറില്ല എന്നതാണ് പ്രറ്റൊരു പ്രശ്‌നം.
തൃശൂര്‍ നഗരത്തിലെ തന്നെ പ്രസിദ്ധമായ ഫ്‌ളാറ്റുകളില്‍ ഒന്നാണ് എല്‍ റോയ്. ഇവിടത്തെ സ്ഥിരതാമസക്കാരുടെ പരാതി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോ, പോലീസോ കാര്യമായി എടുക്കുന്നില്ല. സ്ത്രീകളും പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുമുള്ള കുടുംബങ്ങള്‍ ഭയപ്പാടോടെയാണ് ഇവിടെ കഴിയുന്നത്. തങ്ങളുടെ സ്വര്യ ജീവിതത്തിന് തടസം സൃഷ്ടിക്കുന്ന രീതിയിലാണ് ഇവിടെ പുറത്തുനിന്നുള്ള ഇടപെടലുകള്‍ നടക്കുന്നതെന്നും അവര്‍ പറയുന്നു.36 ഓളം ഫ്‌ളാറ്റുകളാണ് കെട്ടിടത്തില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗം ഫ്‌ളാറ്റുകളും 5000 രൂപ മുതല്‍ പതിനായിരം രൂപ വരെ ഈടാക്കിയാണ് ആവശ്യക്കാര്‍ക്ക് വാടകക്ക് കൊടുക്കുന്നത്.
മദ്യപാന സദസ്സുകള്‍ക്കും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥിരമായി അപരിചിതര്‍ എത്തിയതോടെ സ്ഥിരതാമസക്കാര്‍ പരാതിപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് രേഖാമൂലം പരാതി കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഒപ്പം കോര്‍പ്പറേഷന്‍ അധികൃതരെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആരും തന്നെ പരാതി ഗൗനിക്കുന്നില്ല.
റസിഡന്‍ഷ്യല്‍ പെര്‍മിറ്റില്‍ പണിത കെട്ടിടത്തില്‍ ദിവസ വാടക ഇടപാട് പാടില്ലെന്നാണ് ചട്ടം. ഫ്‌ളാറ്റിന്റെ യഥാര്‍ത്ഥ പേര് മറച്ചു വെച്ചുകൊണ്ട് ‘സെലസ്റ്റോ റെസിഡൻസി’ എന്ന പേരിലാണ് ഓണ്‍ലൈനില്‍ ബുക്കിങ് നടന്നുവരുന്നത്. വന്‍തോതിലുള്ള ലഹരി കച്ചവടവും വ്യഭിചാരവും നടക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടും നിയമനടപടി സ്വീകരിക്കാത്തത് വന്‍ പ്രതിഷേധത്തിനാണ് ഇപ്പോള്‍ വഴി വച്ചിരിക്കുന്നത്.