ദോഹ: ദീർഘകാല പ്രകൃതിവാതക കരാറുകളാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തർ ഊർജ സഹമന്ത്രി സഅദ് ഷരീദ അൽ കഅബി. ഈ വർഷം കൂടുതൽ കരാറുകളിൽ ഒപ്പുവെക്കും. ഖത്തർ സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ എക്കണോമിക് ഫോറത്തിൽ നടന്ന നെക്സ്റ്റ് സ്റ്റേജ് ഓഫ് ഗ്ലോബൽ എനർജി ട്രാൻസിഷൻ എന്ന ചർച്ചയിലാണ് ഖത്തറിന്റെ വാതക കരാറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ മന്ത്രി പങ്കുവെച്ചത്. 25 മില്യൺ പ്രകൃതി വാതകം കൈമാറുന്നതിനുള്ള ദീർഘകാല കരാറിലാണ് കഴിഞ്ഞ വർഷം ഖത്തർ ഒപ്പുവെച്ചത്. ഈ വർഷവും കൂടുതൽ കരാറുകൾ ഒപ്പുവെക്കും.
യൂറോപ്പിലും ഏഷ്യയിലും പ്രകൃതി വാതകത്തിന്റെ ആവശ്യകത കൂടി വരികയാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യൂറോപ്യൻ രാജ്യങ്ങളും ദീർഘകാല കരാറുകൾക്കാണ് പ്രാമുഖ്യം നൽകുന്നതെന്നും സഅദ് ഷരീദ അൽ കഅബി പറഞ്ഞു.അമേരിക്ക, ആസ്‌ത്രേലിയ, റഷ്യ എന്നി രാജ്യങ്ങൾക്കൊപ്പം ലോകത്തെ പ്രധാന പ്രകൃതി വാതക ഉൽപാദക രാജ്യമാണ് ഖത്തർ. ചൈന, ജപ്പാൻ,കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഖത്തറിന്റെ മാർക്കറ്റ്. എന്നാൽ നോർത്ത് ഫീൽഡ് പദ്ധതികൾ പൂർത്തിയാകുന്നതോടെ ഉൽപാദനം ഇരട്ടിയോളം വർധിക്കും.പ്രകൃതി വാതക മേഖലയിൽ കൂടുതൽ പദ്ധതികൾ വരുമെന്നും സഅദ് ഷെരീദ അൽ കഅബി വ്യക്തമാക്കി. ടോട്ടൽ എനർജീസ്, എക്‌സോൺ മൊബൈൽസ് ചെയർമാൻമാരും ചർച്ചയിൽ പങ്കെടുത്തു.