കള്ളുഷാപ്പും സ്‌കൂളും ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായി കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ സ്‌കൂളിനു സമാനമായ ഒരു കെട്ടിടത്തില്‍ കള്ളുഷാപ്പിന്റെ ബോര്‍ഡ് പതിച്ചിരിക്കുന്നതായും കാണാം. കൊല്ലം അഞ്ചലില്‍ നിന്നുള്ള ദൃശ്യമാണെന്ന് ചിലര്‍ പോസ്റ്റുകളില്‍ പറയുന്നുണ്ട്. കള്ള്ഷാപ്പ് ബോര്‍ഡും, ഒരു കെട്ടിടവും അടങ്ങിയ ചിത്രത്തില്‍ ഷാപ്പും സ്‌കൂളും പഠിക്കുക, കുടിക്കുക കേരളം എന്തൊരു മാറ്റമാണ് മറിയതെന്നു നോക്കിയെ എന്നു എഴുതിയ കുറിപ്പുമടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീ ഹേറ്റ് സിപിഐ(എം) എന്ന ഫേയ്‌സ്ബുക്ക് പേജില്‍ മേയ് 10ന് വന്ന പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. നിരവധി പേരാണ് സത്യാവസ്ഥ മനസിലാക്കാതെ പോസ്റ്റ് ഷെയര്‍ ചെയ്തതും,അത് വൈറലായതും.
സത്യാവസ്ഥ എന്തെന്നാല്‍ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന സ്ഥലത്ത് ഒരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നില്ല. 2007 വരെ ഇവിടെ ഒരു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ആ ഒറ്റമുറി കെട്ടിടത്തില്‍ ഒരു കള്ള്ഷാപ്പ് പ്രവര്‍ത്തിക്കുന്നുള്ളത് സത്യമാണ്. പക്ഷേ അതിനോട് ചേര്‍ന്ന സ്‌കൂളൊന്നും പ്രവര്‍ത്തിക്കുന്നില്ല.
ഷാപ്പും സ്‌കൂളും പഠിക്കുക, കുടിക്കുക. കേരളം ഹെന്തൊരു മാറ്റമാണ് മാറിയതെന്ന് നോക്കേ…’ എന്നുള്ള കുറിപ്പിനൊപ്പം പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം.
ഷാപ്പിലെ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ഫുഡ് വ്‌ളോഗിങ് ചാനലില്‍ വന്ന വീഡിയോയുടെ ഒരു ഭാഗം എടുത്താണ് പുതിയ പ്രചരണം നടത്തിട്ടുള്ളത്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലാണ് കള്ളുഷാപ്പ് കെട്ടിടം പ്രവര്‍ത്തിക്കുന്നത്. ഇടമുളയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്യാ ലാല്‍ പറയുന്നതനുസരിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമായിരുന്നു ഇത്. എന്നാല്‍ പിന്നീട് സ്‌കൂളിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. അതിനു ശേഷം ഇവിടെ ബിവറേജസ് ഔട്ട്ലെറ്റും പ്രവര്‍ത്തിച്ചിരുന്നു, അടുത്തിടെയാണ് കള്ള് ഷാപ്പ് നടത്തിപ്പിനായി കെട്ടിടം ഉടമ ഇത് വാടകയ്ക്ക് നല്‍കിയതതെന്ന് പ്രസിഡന്റ് പറഞ്ഞു.
ശ്രീചിത്തിര തിരുനാള്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചത് മുന്‍ കോളെജ് അധ്യാപകനും പ്രദേശവാസിയുമായ ചന്ദ്രഭാനു നായര്‍ ആണ്. ആദ്യം അറയ്ക്കല്‍ സൊസൈറ്റിക്ക് സമീപമുള്ള വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പിന്നീട് ഒഴുകുപാറയ്ക്കലേയ്ക്ക് മാറ്റുകയായിരുന്നു. മലയോര മേഖലയാണ് ഒഴുകുപാറയ്ക്കല്‍. കൂടുതല്‍ സൗകര്യങ്ങളുള്ള സ്‌കൂളുകള്‍ പ്രദേശത്ത് വന്നതിനാല്‍ ഇവിടെ കുട്ടികള്‍ കുറഞ്ഞതോടെ സ്‌കൂള്‍ പൂട്ടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങളോളം അടഞ്ഞു കിടന്ന കെട്ടിടം ബിവറേജസ് കോര്‍പ്പറേഷന് വാടകയ്ക്ക് നല്‍കി. അഞ്ച് വര്‍ഷത്തോളം ബിവറേജസ് ഔട്ട്ലെറ്റ് പ്രവര്‍ത്തിച്ച ശേഷമാണ് ഇപ്പോള്‍ കെട്ടിടം ഉടമ ഇത് കള്ള് ഷാപ്പിന് നല്‍കിയത്. അടുത്തിടെയാണ് ഷാപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇടമുളക്കല്‍ ഗ്രാമ പഞ്ചായത്തില്‍ ഒഴുകുപാറയ്ക്കല്‍ എന്ന സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീ ചിത്തിര തിരുനാള്‍ ഇന്റര്‍നാഷണല്‍ പബ്‌ളിക് സ്‌കൂള്‍ എന്ന പേരില്‍ ഒരു സിബിഎസ്ഇ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും അഫിലിയേഷന്‍ ലഭിക്കാത്തതിനാല്‍ 2007 ല്‍ ഈ സ്‌കൂള്‍ നിര്‍ത്തലാക്കി. വര്‍ഷങ്ങള്‍ക്കുശേഷം ഈ കെട്ടിടത്തിന് പഞ്ചായത്തില്‍ നിന്നും കൊമേഷ്യല്‍ ബില്‍ഡിംങ് പെര്‍മിറ്റ് എടുക്കുകയും 2017 ല്‍ ഈ കെട്ടിടം സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പ്പറേഷന് ഔട്ട്‌ലറ്റ് വാടകയ്ക്ക് നല്‍കുകയും ചെയ്തു. 2021 അവസാനം ഈ ഔട്‌ലറ്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കുകയുണ്ടായി. അതിനുശേഷം 2024 മാര്‍ച്ച് മാസം അവസാനമാണ് നിലവിലെ ഷാപ്പ് അവിടെ പ്രവര്‍ത്തനം ആരംഭിച്ചത്. സ്‌കൂളിലാണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത് എന്ന പ്രചാരണം നുണയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പോസ്റ്റ്
ഇതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മറ്റൊരു പോസ്റ്റിന്റെ സത്യാവസ്ഥയും പുറത്തു വന്നു.