ചായ ഇല്ലാതെ എന്ത് മലയാളി അല്ലേ. എന്നാൽ ചായ ഒരുപാട് കുടിച്ചാലും പ്രശ്നം ആണ്.
കടുപ്പത്തിലും മീഡിയം കടുപ്പത്തിലും ലൈറ്റായിട്ടുമൊക്കെ ചായ കുടിക്കുന്നതിന് പല രീതികളുണ്ട് ഓരോരുത്തർക്കും. എന്നാൽ ചായയും കാപ്പിയും ഇഷ്ടപ്പെടുന്നവർക്ക് അത്ര നല്ലൊരു മാർഗ നിർദേശമല്ല ഐസിഎംആർ നൽകുന്നത്. ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് ചില സമയമുണ്ടെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നത്.ചായയും കാപ്പിയും ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നും മാർഗ നിർദേശത്തിൽ സൂചിപ്പിക്കുന്നുണ്ട്.
മാത്രമല്ല ഒരു പ്രധാന ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ അതിന് മുൻപോ ചായയും കാപ്പിയും കുടിക്കാൻ പാടില്ലെന്നും ഐസിഎംആർ പറയുന്നു. ഭക്ഷണത്തിന് മുൻപോ ശേഷമോ ഒരു മണിക്കൂർ നേരത്തേക്ക് എങ്കിലും ഈ പാനീയം കുടിക്കാൻ പാടില്ല. ദിവസവും 300 മില്ലിഗ്രാമിൽ കൂടുതൽ കഫീൻ ഉപയോഗവും പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
ജനങ്ങളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനുമായി (NIN) സഹകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുതിയ ഭക്ഷണ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ദിവസവും കുടിക്കുന്ന പാനീയങ്ങളിലെ കഫീൻ ഉള്ളടക്കം മനസ്സിലാക്കേണ്ടതും പ്രധാനമാണ്.
150 മില്ലി കാപ്പിയിൽ 50 മുതൽ 65 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ഒരു ചായയിൽ 30 മുതൽ 65 മില്ലിഗ്രാം വരെ കഫീനും അടങ്ങിയിട്ടുണ്ട്. കാപ്പി അമിതമായി കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇതിലൂടെ ഹൃദ്രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
















