ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ചു. സാംസ്‌കാരിക മന്ത്രി അടക്കമുള്ള പ്രമുഖർ അമീറിനൊപ്പമുണ്ടായിരുന്നു. ദോഹ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലെത്തിയ അമീർ വിവിധ പവലിയനുകൾ സന്ദർശിച്ചു.
ഇത്തവണത്തെ മുഖ്യാതിഥികളായ ഒമാൻ പവലിയനിലെത്തിയ അമീർ കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.പ്രസാധക മേഖലയിലെ പുതിയ മാറ്റങ്ങളും ചിന്തകളും അമീർ പങ്കുവെച്ചു. കുട്ടികൾക്ക് വേണ്ടിയുള്ള ചിൽഡ്രൻസ് ദോഹയുടെ പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. 42 രാജ്യങ്ങളിൽ നിന്നുള്ള 515 പ്രസാധകരാണ് ഇത്തവണ പുസ്തകോത്സവത്തിന് എത്തിയിരിക്കുന്നത്. മെയ് 18ന് മേള സമാപിക്കും.