ദുബൈ: യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകാൻ ആരോഗ്യമന്ത്രാലയം പുതിയ സംവിധാനം ഏർപ്പെടുത്തി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും ഇതിന് സൗകര്യമുണ്ടാകും.
ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിലെ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ പരാതിയുണ്ടെങ്കിൽ മന്ത്രാലയത്തെ അറിയിക്കാനാണ് ആരോഗ്യമന്ത്രാലയം സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ സ്ഥാപനങ്ങൾക്കെതിരെ മാത്രമല്ല അവിടുത്തെ മെഡിക്കൽ ജീവനക്കാർ, ടെക്‌നിക്കൽ ജീവനക്കാർ എന്നിവർക്കെതിരെയുള്ള പരാതികളും മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷന്റെ പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കും.
മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, ദുബൈയിലേതടക്കം വിവിധയിടങ്ങളിലെ കസ്റ്റമർ കെയർ, ഹാപ്പിനസ് സെന്ററുകൾ എന്നിവിടങ്ങളിൽ പരാതി നൽകാൻ സൗകര്യമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.