അങ്ങനെ KSRTC ജീവനക്കാര്‍ക്ക് ഇന്ന് വൈകിട്ട് 6 മണിക്ക് ഏപ്രില്‍ മാസത്തെ ശമ്പളത്തിന്റെ പകുതി അക്കൗണ്ടില്‍ ക്രെഡിറ്റായി. മഴകാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ഓരോരുത്തരും ഇപ്പോ വരും ഇപ്പോവരുമെന്ന് കാത്തിരിക്കുകയായിരുന്നു. പാതിയെങ്കില്‍ പാതി, സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികള്‍ക്ക് ബാഗും പുസ്തകവും, മഴക്കോട്ടുമൊക്കെ വാങ്ങാമല്ലോയെന്ന ആശ്വാസത്തിലാണ് ഓരോ തൊഴിലാളിയും. ഇനിയും കിട്ടാനുണ്ട് പകുതി ശമ്പളം കൂടി. മാസാവസാനം അത് കിച്ചുമെന്ന പ്രതീക്ഷയേയുള്ളൂ.
കിട്ടിയാല്‍ കിട്ടിയെന്നു പറയാം. ഇല്ലെങ്കില്‍ ഗോവിന്ദ. ആരും കൈയ്യേല്‍ക്കാതെ പെരുവഴിയിലെന്ന പോലെ ജോലി ചെയ്യുന്ന വര്‍ഗമായി മാറിയിരിക്കുന്ന KSRTCക്കാരെ സമൂഹത്തിലുള്ളവര്‍ക്കെല്ലാം പുഛ്ഛമായിരിക്കുകയാണ്. എല്ലാവര്‍ക്കും KSRTCയെ വേണം. എന്നാല്‍, ആര്‍ക്കും അവരെ കണ്ണെടുത്താല്‍ കണ്ടൂട. ഇതാണ് അവസ്ഥ. ചെറിയ തോതില്‍ KSRTCക്കാര്‍ക്കുമുണ്ട് കൈയ്യിലിരിപ്പിന്റെ അസുഖം.
യാത്രക്കാരെ കൃത്യമായി ഇറക്കാതെ പോകുന്നവരും, രാത്രി കാലങ്ങളില്‍ സ്ത്രീ യാത്രക്കാരെ, അവര്‍ ആവശ്യപ്പെടുന്നിടത്ത് ഇറക്കാതെയുമൊക്കെ ധാര്‍ഷ്ട്യവും അഹന്ത നിറഞ്ഞ സ്വഭാവങ്ങള്‍ കാട്ടുന്നവരും കുറവല്ല. ഇങ്ങനെ യാത്രക്കാരെ മടുപ്പിക്കുകയും, വെറുപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് KSRTCക്കാര്‍ക്കൊപ്പം ജനങ്ങള്‍ നില്‍ക്കാന്‍ മടിക്കുന്നത്.
ഇത് ഓരോ ജീവനക്കാരനും സ്വയം വിമര്‍ശനമായി കാണണം. എല്ലാവരും അങ്ങനെയല്ല, എന്നാല്‍, കുറച്ചു പേര്‍കാണിക്കുന്ന കൊള്ളരുതായ്മകള്‍ അനുഭവിക്കേണ്ി വരുന്നത് എല്ലാവരുമാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. കൃത്യമായി ജോലി ചെയ്യുകയും, കളക്ഷന്‍ കൃത്യമായി ഏല്‍പ്പിക്കുകയും, ബസിനെ സ്വന്തം വീട്ടിലെ വാഹനത്തെപ്പോലെ സൂക്ഷിക്കുകയും ചെയ്യുന്ന ബഹുഭൂരിപക്ഷം ജീവനക്കാരെയും യാത്രക്കാര്‍ ഇഷ്ടപ്പെടുന്നുണ്ട്.
യാത്രകള്‍ എപ്പോഴും KSRTC ബസിലാക്കണണെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അങ്ങനെയുള്ള യാത്രക്കാരെ വീണ്ടും KSRTCയില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഇടപെടല്‍ ഓരോ ജീവനക്കാരില്‍ നിന്നും ഉണ്ടായാല്‍ ഭൂതകാലത്തിന്റെ കടം കേറിയുള്ള ഓട്ടത്തിന് ഗുഡ് ബൈ പറഞ്ഞ്, ഭാവിയില്‍ വന്‍ ലാഭത്തിലോടുന്ന കോര്‍പ്പറേഷനാക്കാം.
ഇപ്പോള്‍ കിട്ടുന്ന ടിക്കറ്റ് വരുമാനത്തിന്റെ ഇരട്ടിയിലധികം വരുമാനം എത്തുകയും ചെയ്യും. നോക്കൂ, ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞത്, KSRTCക്ക് പണം കടം തരാന്‍ ഒരു ബാങ്കുകളും തയ്യറല്ലായിരുന്നു എന്നാണ്. പക്ഷെ, ആ സ്ഥിതി ഇപ്പോള്‍ മാറിയിട്ടുണ്ട്. വായ്പ വാങ്ങാന്‍ പാകത്തിന് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിട്ടുണ്ട്.
കടം കുറച്ചുകൊണ്ടു വരാനുള്ള നടപടികള്‍ ഫലം കണ്ടു തുടങ്ങിയിട്ടുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. അങ്ങനെയാണെങ്കില്‍ കെ.എസ്.ആര്‍.ടി.സില്‍ വീണ്ടും നല്ലകാലം വരുമെന്നുതന്നെ വിശ്വസിക്കാം. ശമ്പളത്തിന്റെ പകുതി കിട്ടാന്‍ ഇനിയും കാത്തിരിക്കുന്ന എല്ലാ ജീവനക്കാരും കിട്ടിയ പാതി ശമ്പളം കൊണ്ട് വീടുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ.