കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നാല് വയസുകാരിക്ക് ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വിശദമായ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കാനും മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. നേരത്തേ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.
അതേസമയം, കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവര്‍ നടത്തിയിരുന്നില്ല. ശസ്ത്രക്രിയ മാറിപ്പോയതില്‍ ഡോക്ടര്‍ തങ്ങളോട് മാപ്പുപറഞ്ഞെന്നും കുട്ടിയുടെ കുടുംബം പറഞ്ഞു.