India

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് തീപിടുത്തം

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഓഫീസില്‍ തീപ്പിടുത്തം. വൈകാതെ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വൻ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിലാണ് തീപിടുത്തം. ഇന്ന് വൈകീട്ട് 4:30ഓടെയാണ് സംഭവം. ഓഫീസിന്‍റെ പിറകുവശത്ത് നിന്നാണ് തീപ്പിടുത്തമുണ്ടായത്. അതിനാല്‍ തന്നെ ഇവിടെ സൂക്ഷിച്ചിരുന്ന പല സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലമായതിനാല്‍ തന്നെ ധാരാളം പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തീപ്പിടുത്തമുണ്ടായി വൈകാതെ തന്നെ കാണാനായതും ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കാനായതുമാണ് വലിയ ദുരന്തമൊഴിവാക്കിയത്.

സ്ഥിതിഗതികള്‍ ഉടന്‍ നിയന്ത്രണവിധേയമാക്കാനാകുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചെന്നും പൊലീസ് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി പ്രസ്താവനയിലൂടെ അറിയിച്ചു.