അതിവിശാലമായ ചുട്ടുപൊള്ളുന്ന മരുഭൂമി. അവിടെ മണലുകള്‍ക്കുള്ളില്‍ മണലോ പാമ്പോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത കൊടിയ വിഷം ഉള്ളിൽ ഒളിപ്പിച്ച മണല്‍ പാമ്പുകള്‍. അക്കൂട്ടത്തില്‍,കൊമ്പൻ അണലികൾ കാണപ്പെടുന്നു. ഒപ്പം അറേബ്യൻ ഉപദ്വീപിൽ, യെമൻ, കുവൈറ്റ്, തെക്കുപടിഞ്ഞാറൻ സൗദി അറേബ്യ, ഖത്തറിലെ രാജ്യത്തിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും ഇവയെ കാണാം. പൊതുവെ മണലിന്‍റെ നിറം തന്നെയായിരിക്കും ഇവയ്ക്കും. അതിനാല്‍ മരുഭൂമിയില്‍ വച്ച് ഇവയെ പെട്ടെന്ന് കണ്ടെത്തുകയും എളുപ്പമല്ല. അതേസമയം മണലില്‍ ഒളിച്ചിരിക്കാനും വിദഗ്ദരാണിവര്‍. മരുഭൂമിയിലെ കൊമ്പുള്ള അണലി എന്നും ഇവ അറിയപ്പെടുന്നു.
ഈ പാമ്പുകൾ വരണ്ടതും മണൽ നിറഞ്ഞതുമായ പ്രദേശങ്ങളെയാണ് കൂടുതലായും ഇഷ്ടപ്പെടുന്നത്. കൂടാതെ പാറക്കെട്ടുകളും പരുക്കൻ മണൽ പ്രദേശവും ഇവ ഇഷ്ടപ്പെടുന്നില്ല. കാരണാം ഇവയ്ക്ക് ഒളിച്ചിരിക്കാനും ഇരയെ വേട്ടയാടാനും മണല്‍പരപ്പാണ് ഏറ്റവും ഉത്തമം. കണ്ണിന് തൊട്ടുമുകളിലായി ഉയർന്ന് നിൽക്കുന്ന രണ്ട് കൊമ്പുളോട് കൂടിയ ഇവ കാഴ്ചയിൽ തന്നെ ഭീകരരാണ്. വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് തെന്നി നീങ്ങുന്നത് പോലെ സഞ്ചരിക്കുന്ന സഹാറൻ അണലികൾ പെട്ടെന്ന് ഇരകൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് അവയെ കീഴ്പ്പെടുത്തുന്ന ഗണത്തിൽപെട്ട ജീവികളാണ്. മുന്നോട്ട് സഞ്ചരിക്കാൻ മണില്‍ നീങ്ങുന്നതിനാല്‍ ഇവയ്ക്ക് പെട്ടെന്ന് സഞ്ചരിക്കാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ഇവ ഇരുവശങ്ങളിലേക്കായി ഇഴഞ്ഞ് മുന്നോട്ട് നീങ്ങുന്നത്. ഇത്തരം നീക്കം ഇവയെ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇവയ്ക്ക് പറക്കാൻ കഴിയും എന്നുള്ള അവകാശ വാദങ്ങൾ ചില പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും അത് വാസ്തവ രഹിതമാണന്നാണ് വിദഗ്ദർ പറയുന്നത്.
എലിയുടെ വർഗ്ഗത്തില്‍ പെട്ട ജീവികൾ, പല്ലികൾ, പക്ഷികൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ഇരകൾ. രാത്രികാലങ്ങളിലാണ് ഇവ പ്രധാനമായും ഇര തേടി ഇറങ്ങുന്നത്. ആ സമയങ്ങളിൽ ഇവ ഏറെ ദൂരം സഞ്ചരിക്കാറുണ്ട്. മൃഗശാലകളിൽ ഇവ 18 വർഷം വരെ ജീവിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. പരമാവധി 85 സെന്‍റീമീറ്റർ വരെ നീളമുള്ളവയാണ് ഈ അണലികൾ. ഇവയിലെ പെൺ അണലികൾക്കാണ് ആൺ അണലികളേക്കാൾ വലുപ്പ കൂടുതൽ. ചില വിഭാഗങ്ങളിൽപ്പെട്ട പാമ്പുകൾക്ക് ഈ കൊമ്പുകൾ അത്ര പ്രകടമല്ല. പൊതുവെ വരണ്ട മണലുള്ള, പാറക്കെട്ടുകൾ കുറവുള്ള സ്ഥലങ്ങളിൽ വസിക്കാനാണ് ഇവയ്ക്ക് താൽപര്യം.