Kerala

വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്, രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം

കൊച്ചി: എറണാകുളം വേങ്ങൂരിലെ മഞ്ഞപ്പിത്തം വ്യാപനത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് എറണാകുളം ജില്ല കളക്ടർ. മൂവാറ്റുപുഴ ആർഡിഒ ഷൈജു പി ജേക്കബിനാണ് അന്വേഷണ ചുമതല. വേങ്ങൂരിലെ രോഗികളുടെ മരണകാരണം, മഞ്ഞപ്പിത്ത വ്യാപനത്തിന്‍റെ കാരണങ്ങൾ, ആർക്കാണ് വീഴ്ച സംഭവിച്ചത് എന്നീ കാര്യങ്ങളിലാണ് അന്വേഷണം. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജില്ല കളക്ടർ എൻ എസ് കെ ഉമേഷ് വ്യക്തമാക്കി.

ആരോഗ്യവിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ ജല അതോറിറ്റിയുടെ വീഴ്ചയാണ് വ്യാപക മഞ്ഞപ്പിത്തബാധയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല. വേങ്ങൂര്‍ പഞ്ചായത്തിലെ 200 ലധികം പേര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 17-നാണ് വെങ്ങൂര്‍ പഞ്ചായത്തിലെ കൈപ്പള്ളിയിലെ ഒരു കുടുംബത്തില്‍ മഞ്ഞപ്പിത്തബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് 19-ാം തീയതി പത്താം വാര്‍ഡിലും പന്ത്രണ്ടാം വാര്‍ഡിലും രണ്ടു പേര്‍ക്ക് വീതം കൂടി രോഗബാധ സ്ഥിരീകരിച്ചപ്പോഴാണ് മഞ്ഞപ്പിത്ത വ്യാപനം നടക്കുന്നതായി സംശയം ഉണ്ടായതും അതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണങ്ങള്‍ തുടങ്ങിയതും. വക്കുവള്ളിയിലെ ജല അതോറിറ്റിയുടെ സംഭരണിയില്‍നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലേക്ക് എത്തിച്ച് ശുദ്ധീകരിച്ച് പമ്പ് ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്തബാധക്ക് കാരണമായതെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത. ശരിയായ ക്ലോറിനേഷൻ നടത്താൻ ജലഅതോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡിഎംഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ പ്രതിഷേധവും അമർഷവും കൂടി. പിഴവ് പറ്റിയാൽ നടപടി വേണ്ടെ എന്ന ചോദ്യമാണ് പ‍ഞ്ചായത്ത് ആവർത്തിക്കുന്നത്. ഇത്ര വലിയ ദുരന്തത്തിന് ഉത്തരവാദികളായവർക്ക് എതിരെ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് ആവശ്യപ്പെട്ടു.