റിയാദ്: ഫലസ്തീനികൾക്കെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന്‍ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. സംയുക്ത പ്രശ്നപരിഹാര നീക്കങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം തയാറാവണമെന്നും സൗദി കിരീടാവകാശി ആവശ്യപ്പെട്ടു. ബഹ്റൈനിൽ നടന്ന 33ാമത് അറബ് ഉച്ചകോടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് കിരീടാവകാശി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തെ സൗദി ശക്തമായി അപലപിക്കുകയും അതിനായി ഉച്ചകോടി വിളിച്ചുകൂട്ടുകയും ഇസ്രായേൽ അതിക്രമത്തെ അപലപിച്ച് പ്രമേയം പുറത്തിറക്കുകയും ചെയ്തു. വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത അറബ്-ഇസ്‌ലാമിക മന്ത്രിതല സമിതി രൂപവത്കരിക്കുന്നതിനും ഗസ്സക്കെതിരായ ആക്രമണം തടയാനുള്ള നീക്കങ്ങൾ ആരംഭിക്കുന്നതിനും ഈ ഉച്ചകോടി കാരണമായി. ഫലസ്തീനെ സഹായിക്കാൻ സൗദി ജനകീയ കാമ്പയിൻ ആരംഭിക്കുകയും സഹായങ്ങൾ ഏഴ് കോടി റിയാൽ കവിയുകയും ചെയ്തതായും കിരീടാവകാശി പറഞ്ഞു.
ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിന് കര, കടൽ ബ്രിഡ്ജുകൾക്കായി സൗദി പ്രവർത്തിച്ചു. മേഖലയിലെ ദാരുണ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ അന്താരാഷ്ട്ര സംഘടനകളുടെ ശ്രമങ്ങൾക്കുള്ള പിന്തുണ സൗദി തുടർന്നു. ഗസ്സയിലെ മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യുന്ന ശ്രമങ്ങളെ ഇനിയും പിന്തുണക്കും. തർക്കങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് സൗദി ആവശ്യപ്പെടുന്നതെന്നും കിരീടാവകാശി പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും മാനുഷിക സഹായം എത്തിക്കുകയും വേണം. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967 ജൂൺ നാലിലെ അതിർത്തിയിൽ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശം ഉറപ്പുനൽകുന്ന വിധത്തിൽ അന്താരാഷ്ട്ര പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീൻ പ്രശ്‌നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താൻ പ്രവർത്തിക്കേണ്ടതുണ്ട്. മേഖലയിലെ എല്ലാ സംഘർഷങ്ങളും സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാനാണ് സൗദി ആഗ്രഹിക്കുന്നത്. ഈ നിലപാടിൽ നിന്നാണ് യമനിലേക്ക് മാനുഷിക സഹായം നൽകുന്നത് തുടരുകയും പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താൻ യമൻ പാർട്ടികൾ തമ്മിൽ ചർച്ച നടത്തുകയും ചെയ്യുന്നത്. സുഡാനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇരുകക്ഷികളുമായി നടത്തുന്ന ചർച്ചകളും ഇതിന്റെ ഭാഗമാണെന്നും കിരീടാകാശി പറഞ്ഞു.