കണ്ണൂർ : കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്ത നൃത്തപരിശീലകനും വിധികർത്താവുമായ ഷാജി പൂത്തട്ടയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഉണ്ടായിരുന്നത് സുപ്രധാന തെളിവുകൾ. കുറിപ്പ് വീട്ടുകാ പൊലീസിനു കൈമാറിയിരുന്നു. ഒരു ബ്രോഷറിന്റെ പിറകിലെ പേജിലാണു കുറിപ്പ് ഉണ്ടായിരുന്നത്.
കേരള സർവകലാശാല യുവജനോത്സവ വിധികർത്താക്കളടക്കമുള്ള ചില വ്യക്തികളുടെ പേരുകളുണ്ട്. ഷാജിയുടെ മുറിയിൽ നിന്നു നേരത്തേ ഒരു ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതിനു സമാനമായ കൈപ്പടയാണ് ഈ കുറിപ്പിലും. പുതിയ കുറിപ്പിൽ പറയുന്ന കാര്യങ്ങളെപ്പറ്റി പൊലീസ് പ്രതികരിച്ചില്ല.
ജയിംസ് ഗ്രൂപ്പിൽ 34 ആൾക്കാർ. പ്രായമായ അമ്മ മാർ. ഷിബു പത്മകുമാറിനും വേറെ കളിക്കുന്നയാൾക്കും പ്രൈസ് കൊടുക്കണമെന്നു പറഞ്ഞു. ബയോഡേറ്റ ചോദിച്ചു കൊടുത്തു. സിബി വിളിക്കുമെന്നു പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ജയിംസ് അയച്ചവർക്ക് പത്മകുമാറിനു പറഞ്ഞു കൊടുത്തു. ജയിംസ്, പത്മകുമാർ, നിധിൻ, ജോമറ്റ്. സതീശൻ തളിപ്പറമ്പ് എന്ന പേരും ഫോൺ നമ്പറും കുറിപ്പിലുണ്ട്.
ഇതേക്കുറിച്ച് ഷാജിയുടെ സഹോദരൻ അനിൽകുമാർ പറയുന്നതിങ്ങനെ
ജയിംസിന്റെ വാട്സാപ് ഗ്രൂപ്പിൽ 34 പേരുണ്ട്. ‘പ്രായമായ അമ്മ’ എന്നത് കോഡ് വാക്കാണ്. മാർ എന്നതു മാർഗംകളിയെ ഉദ്ദേശിച്ചായിരിക്കാം. 2 ടീമുകൾക്ക് ഒന്നാം സമ്മാനം നൽകണമെന്ന തരത്തിലുള്ള നിർദേശമാണെന്നു തോന്നുന്നു. ഇതിൽ പറയുന്നവർ ആരാണെന്നോ ഷാജിയുമായി അവർക്കുള്ള ബന്ധമെന്താണെന്നോ അറിയില്ല. യുവജനോത്സവവുമായും മാർക്കിടലുമൊക്കെയായി ബന്ധമുള്ളവരാകാം.
ദീർഘകാലമായി ഷാജിയെ അറിയാമെന്നും നല്ല വ്യക്തിയാണെന്നും കുറിപ്പിൽ പരാമർശിക്കുന്ന തളിപ്പറമ്പിലെ നൃത്ത പരിശീലകൻ സതീശൻ പറഞ്ഞു. കോഴ ആരോപണമുയർന്നപ്പോൾ ഷാജിയെ വിളിച്ചിരുന്നു. എന്റെ നമ്പർ ഫോണിൽ നിന്നു പോയതായി ഷാജി പറഞ്ഞിരുന്നു. ആ സമയത്ത് എഴുതി വച്ചതാകാമെന്നും പറഞ്ഞു.