Science

പുറത്താക്കിയാലും ഞങ്ങൾക്ക് വേണം ; പ്ലൂട്ടോയെ ‘ സംസ്ഥാന ഗ്രഹ’മായി പ്രഖ്യാപിച്ചു

ഗ്രഹ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്ലൂട്ടോയെ ‘ സംസ്ഥാന ഗ്രഹ’മായി പ്രഖ്യാപിച്ച് യു.എസിലെ അരിസോണ സംസ്ഥാനം. 2006ലാണ് ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ പ്ലൂട്ടോയെ ഗ്രഹ പദവിയിൽ നിന്ന് നീക്കി കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽപ്പെടുത്തിയത്. മാർച്ച് 29നാണ് പ്ലൂട്ടോയെ സംസ്ഥാന ഗ്രഹമായി അംഗീകരിക്കുന്ന ബില്ലിൽ അരിസോണ ഗവർണർ കാറ്റി ഹോബ്സ് ഒപ്പിട്ടത്. അതേ സമയം, എന്തുകൊണ്ടാണ് പ്ലൂട്ടോയെ ഗ്രഹമായി പരിഗണിക്കുന്നത് എന്നതിന് ഹോബ്സ് കൃത്യമായ വിശദീകരണം നൽകിയില്ല.

1930ൽ അരിസോണയിലെ ഫ്ലാഗ് സ്റ്റാഫിലുള്ള ലോവൽ ഒബ്സർവേറ്ററിയിൽ വച്ച് അമേരിക്കൻ ശാസ്ത്രജ്ഞനായ ക്ലൈഡ് ടോംബോ ആണ് പ്ലൂട്ടോയെ കണ്ടെത്തിയത്. യു.എസിൽ വച്ച് കണ്ടെത്തിയ സൗരയൂഥത്തിലെ ഏക ഗ്രഹം കൂടിയായിരുന്നു പ്ലൂട്ടോ. വിദൂരതയിലുള്ള പ്ലൂട്ടോ ഗ്രഹങ്ങൾക്ക് വേണ്ട സവിശേഷതകളോ മാനദണ്ഡങ്ങളോ പാലിക്കുന്നില്ലെന്ന് കാട്ടിയാണ് കുള്ളൻ ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതുവരെ സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമായിരുന്നു പ്ലൂട്ടോ. കൈപ്പർ ബെൽറ്റ് എന്നറിയപ്പെടുന്ന നെപ്റ്റ്യൂണിനപ്പുറമുള്ള സൗരയൂഥത്തിന്റെ വിദൂര മേഖലയിലാണ് പ്ലൂട്ടോ ഉള്ളത്. കെയ്റോൺ, സ്റ്റിക്സ്, നിക്സ്, കെർബെറോസ്, ഹൈഡ്ര എന്നിവയാണ് പ്ലൂട്ടോയുടെ ഉപഗ്രഹങ്ങൾ.