India

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു; ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

ബംഗളൂരു: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു. ട്രെയിനിലുണ്ടായിരുന്ന കോച്ച് അറ്റന്‍ഡന്റാണ് കൊല്ലപ്പെട്ടത്. ടിടിഇ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

മുംബൈ-ബംഗളൂരു ചാലൂക്യ എക്‌സ്പ്രസിലാണ് ദാരുണമായ സംഭവമുണ്ടായത്. ടിടിഇ ടിക്കറ്റ് ചോദിച്ചതോടെ യാത്രക്കാരന്‍ അക്രമാസക്തനായി. ടിടിഇയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച കോച്ച് അറ്റന്‍ഡന്റിനെ കുത്തിക്കൊല്ലുകയായിരുന്നു എന്നാണ് ബെലഗവി പൊലീസ് കമ്മീഷണര്‍ പറയുന്നത്.

അക്രമണത്തിനു ശേഷം ഖാനപുര്‍ റെയില്‍വേ സ്റ്റേഷനു സമീപം ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.