ഹൈദരാബാദ്: മഴ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് – ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ ഒരു കളി ബാക്കിയിരിക്കേ 15 പോയിന്റുമായി സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. ഗുജറാത്ത് നേരത്തേതന്നെ പ്ലേഓഫ് കടക്കാതെ പുറത്തായതാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകീട്ട് മുതല്‍ തന്നെ മഴയുണ്ട്. ഏറിയും കുറഞ്ഞും മഴ തുടര്‍ന്നതോടെ അമ്പയര്‍ ഇരു ടീമിന്റെയും ക്യാപ്റ്റന്‍മാരെ വിളിച്ച് കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇതോടെ ഒരു പന്ത് പോലും എറിയാനാവാതെ മത്സരം ഉപേക്ഷിച്ചു. മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേഓഫ് സാധ്യതകളെയും ഇല്ലാതാക്കി.
ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചതോടെ 18ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു-ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരമായിരിക്കും പ്ലേ ഓഫിലെ നാലാമത്തെ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുക. ആര്‍സിബി ചെന്നൈ മത്സരത്തില്‍ ചെന്നൈ ജയിച്ചാല്‍ 16 പോയന്‍റുമായി ചെന്നൈ പ്ലേ ഓഫിലെത്തും. ആര്‍സിബിയാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിക്കും ചെന്നൈക്കും 14 പോയന്‍റ് വീതമാകും. ഈ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റാകും പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീം ഏതെന്ന് തീരുമാനിക്കുക.
നിലവില്‍ 15 പോയിന്റുമായി മൂന്നാമതാണ് ഹൈദരാബാദ്. അടുത്ത കളിയില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിക്കുകയും രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍ക്കുകയും ചെയ്താല്‍ ഹൈദരാബാദിന് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്താം. അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരേ ജയിച്ചാല്‍ രാജസ്ഥാന് രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്താം.