തിരുവനന്തപുരം: കടുത്ത ധനപ്രതിസന്ധിക്കിടെ കടമെടുപ്പിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിനു സംസ്ഥാന സർക്കാർ കത്തയച്ചു. സർക്കാർ ജീവനക്കാർ വിരമിക്കുന്ന ഈ മാസം ആനുകൂല്യങ്ങൾ നൽകാൻ 7,500 കോടിയോളം രൂപ ആവശ്യമുള്ള സാഹചര്യത്തിലാണിത്. അനുവദിച്ച 3,000 കോടി വായ്പ മുഴുവൻ സംസ്ഥാനം എടുത്തിരുന്നു. പതിനയ്യായിരത്തിലേറെ സർക്കാർ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേർക്കുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 7,500 കോടിയോളം വേണം.
ഏപ്രിൽ മുതൽ മാസം തോറും ക്ഷേമപെൻഷൻ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും 6 മാസത്തെ ക്ഷേമപെൻഷൻ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നൽകാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെൻഷനും കൊടുക്കാനും പണം കണ്ടെത്തണം. കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസർക്കാർ ഇതുവരെ നൽകാത്തതാണ് പ്രതിസന്ധി. ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യത്തെ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ കേന്ദ്രം അറിയിച്ചിട്ടില്ല.