കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നോട്ടീസ് പുറത്തിറക്കുന്നത്. രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പൊലീസ് കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
രാഹുലിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങി. രാഹുലിനെ കണ്ടെത്താൻ ഇന്റർപോളിന്റെ സഹായം തേടും. രാഹുലിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.
രാഹുൽ വിദേശത്തേക്ക് കടന്നതായും പൊലീസ് സംശയിക്കുന്നു. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണു സംശയം. രാഹുലിന്റെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ വധുവിനെ രാഹുൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ഉടൻ ഛർദിച്ചതായും വധു പൊലീസിനു മൊഴി നൽകി. വീട്ടിൽ രാഹുലിന്റെ അമ്മ ഉഷ കുമാരിയും സുഹൃത്തും ഒപ്പം മദ്യപിക്കാനുണ്ടായിരുന്നു. അന്വേഷണ ചുമതലയുള്ള ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർക്ക് വധുവിന്റെ മൊഴി പൊലീസ് സംഘം കൈമാറി.
രാഹുലിനു ജർമനിയിൽ ജോലിയുണ്ടെന്നു പറഞ്ഞതു കളവാണോയെന്നു പൊലീസ് സംശയിക്കുന്നു. വിശദമായ അന്വഷണത്തിനു വിദേശ ഏജൻസികളുെട സഹായം ആവശ്യമാണ്. ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം നടത്താനാണ് ആലോചന. പെൺകുട്ടിയെ വിവാഹം കഴിഞ്ഞു ജർമനിയിലേക്കു കൊണ്ടുപോകുമെന്നു രാഹുൽ പറഞ്ഞിരുന്നു. രാഹുലിന്റെ വാക്കുകൾ കളവാണെന്നാണു കളവാണെന്നാണു പെൺകുട്ടിയുടെ കുടുംബം പറയുന്നത്.