മുളപ്പിച്ച പയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് മികച്ച ഫലം കിട്ടുന്നതിനുമെല്ലാം വളരെ അനുയോജ്യമായ വിഭവമാണിത്. എന്നാല്‍ മുളപ്പിച്ച പയര്‍ അങ്ങനെ തന്നെ കഴിക്കാൻ പലര്‍ക്കും പ്രയാസമാണ്.
അങ്ങനെയുള്ളവര്‍ക്ക് മുളപ്പിച്ച പയര്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതിനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. അതിന് മുമ്പായി മുളപ്പിച്ച പയര്‍ എങ്ങനെയാണ് ആരോഗ്യകരമാകുന്നത്, എങ്ങനെയാണത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നത് എന്നുള്ള കാര്യങ്ങള്‍ മനസിലാക്കാം.
ഗുണങ്ങള്‍
- മുളപ്പിച്ച പയര‍്‍ ഫൈബറിന്‍റെ നല്ലൊരു ഉറവിടമാണ്. ഇത് വിശപ്പിനെ പെട്ടെന്ന് ശമിപ്പിക്കുകയും ദീര്‍ഘനേരത്തേക്ക് വിശപ്പ് അനുഭവപ്പെടാതെ സഹായിക്കുകയും ചെയ്യുന്നു. ഇതോടെ ഇടയ്ക്കിടെ എന്തെങ്കിലും കഴിക്കുന്ന സാഹചര്യമൊഴിവാകുകയാണ്. ഇങ്ങനെയാണ് മുളപ്പിച്ച പയര്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് പ്രയോജനപ്രദമാകുന്നത്.
- മാത്രമല്ല മുളപ്പിച്ച പയര്‍ പ്രോട്ടീനിന്‍റെയും നല്ലൊരു ഉറവിടമാണ്. ഇതും വിശപ്പിനെ ദീര്‍ഘനേരത്തേക്ക് ശമിപ്പിക്കാൻ സഹായിക്കുന്നു. പ്രോട്ടീനും ഫൈബറുമെല്ലാം ആരോഗ്യത്തിന് മറ്റ് രീതികളിലും ഏറെ ഗുണപ്രദമായ ഘടകങ്ങളാണെന്നത് മറക്കരുത്.
- രക്തത്തിലെ ഷുഗര്‍ നിയന്ത്രിക്കുന്നതിനും, കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനുമെല്ലാം മുളപ്പിച്ച പയര്‍ പ്രയോജനപ്പെടുന്നതാണ്. അതുപോലെ തന്നെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമുക്കാവശ്യമായ പോഷകങ്ങള്‍ സ്വീകരിക്കുന്നതിനുമെല്ലാം ഇവ സഹായിക്കുന്നു.
കഴിക്കേണ്ട രീതി
- മുളപ്പിച്ച പയര്‍ വെറുതെ കഴിക്കുന്നത് ഇഷ്ടമില്ലാത്തവരെ സംബന്ധിച്ച് അവര്‍ക്ക് അത് നല്ലൊരു സലാഡാക്കി എടുക്കാം. പയറിന് പുറമെ മുട്ടയോ ചിക്കനോ പനീറോ എല്ലാം ചേര്‍ത്ത് ആണ് സലാഡ് തയ്യാറാക്കേണ്ടത്. ഇഷ്ടാനുസരണം നാരങ്ങാനീരോ മറ്റ് സ്പൈസസോ ഹെര്‍ബുകളോ എല്ലാം സലാഡില്‍ ചേര്‍ക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കുന്ന സലാഡ് ഒരു നേരത്തെ മികച്ച ഭക്ഷണം തന്നെയാണ് കെട്ടോ.
- ഇനി, ഇഡ്ഡലി- ദോശ- അപ്പം പോലുള്ള പലഹാരങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇവയുടെ മാവിലേക്കും മുളപ്പിച്ച പയര്‍ ചേര്‍ക്കാവുന്നതാണ്.
- ചപ്പാത്തിയോ റൊട്ടിയോ റോള്‍ ചെയ്തെടുത്ത് അതില്‍ ഫില്ലിംഗ് വച്ച് കഴിക്കുന്നവരുണ്ട്. ഇത്തരത്തിലുള്ള ഫില്ലിംഗിന് വേണ്ടിയും മുളപ്പിച്ച പയറെടുക്കാം. ഇഷ്ടാനുസരണം മസാലകളോ മറ്റ് ചേരുവകളോ കൂട്ടത്തില്‍ ചേര്‍ത്താല്‍ രുചിയുടെ പ്രശ്നം മാറിക്കിട്ടും.
- അതുപോലെ ചോറിലോ, പുലാവിലോ മറ്റോ ചേര്‍ത്തും മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്. ഇതും മുളപ്പിച്ച പയര്‍ കഴിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണ്.
- ചിലര്‍ മുളപ്പിച്ച പയര്‍ കൊണ്ട് കറി തയ്യാറാക്കാറുണ്ട്. ഇതില്‍ പക്ഷേ മുളപ്പിച്ച പയറിന്‍റെ ഗുണങ്ങള്‍ അല്‍പസ്വല്‍പം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എങ്കിലും ഇങ്ങനെയും മുളപ്പിച്ച പയര്‍ കഴിക്കാവുന്നതാണ്.