ചോക്ലേറ്റ് പ്രിയരാണ് നമ്മളിൽ അധികം പേരും. രുചി കൊണ്ട് മാത്രമല്ല ഗുണം കൊണ്ടും ചോക്ലേറ്റ് ഏറെ മുന്നിലാണ്. ചോക്ലേറ്റ് കൊണ്ട് കിടിലനൊരു ഉണ്ണിയപ്പം തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- അരിപ്പൊടി – 2 കപ്പ്
- പുട്ട് പൊടി – 1 കപ്പ്
- മൈദ – 1 സ്പൂൺ
- റവ – 1 സ്പൂൺ
- ചെറുപഴം – 2 എണ്ണം
- ശർക്കര – 1/2 kg
- ഏലയ്ക്ക – 4 എണ്ണം
- ചോക്ലേറ്റ് (ഡയറി മിൽക്ക്/ ഇഷ്ടമുള്ള ചോക്ലേറ്റ് എടുക്കാം) – ഓരോ ഉണ്ണിയപ്പത്തിനും ഒരെണ്ണം
- നെയ്യ് – 4 സ്പൂൺ
- തേങ്ങാ കൊത്ത് – 1 കപ്പ്
- എള്ള് – 2 സ്പൂൺ
- എണ്ണ – 1/2 ലിറ്റർ
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ അരിപ്പൊടി, പുട്ട് പൊടി, റവ, മൈദ ഉപ്പ്എന്നിവ ഒന്നിച്ച് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതിലേക്ക് പഴവും ഏലക്കയും ഒന്നിച്ച് അരച്ചതും, ശർക്കര കുറച്ചു വെള്ളത്തിൽ പാനിയാക്കി അരച്ച് എടുത്തതും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിലേക്ക് നെയ്യ് ഒരു പാനിൽ ഒഴിച്ച് തേങ്ങാ കൊത്തും ചേർത്ത് നന്നായി വറുത്തു ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. എള്ളും ചേർത്ത് ഇളക്കി 10 മിനുട്ട് അടച്ചു വയ്ക്കുക.
ശേഷം ഉണ്ണിയപ്പ ചട്ടി വച്ചു അതിലേക്ക് ഒരു തവിയിൽ മാവ് കോരി അതിനു നടുവിൽ ഒരു ചോക്ലേറ്റ് കഷ്ണം വച്ചു എണ്ണയിലേക്ക് ഒഴിക്കുക. ഉണ്ണിയപ്പം നന്നായി വെന്തു വരുമ്പോൾ അതിന്റെ ഉള്ളിൽ ചോക്ലേറ്റ് കൂടെ നമുക്ക് കഴിക്കാവുന്നതാണ്.