കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റിലെത്തി ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചൻ. ബലൂൺ സ്ലീവുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ഗൗണിലാണ് ഐശ്വര്യ റെഡ് കാർപ്പറ്റിലെത്തിയത്. ഗൗണിനു പുറകുവശത്തേക്ക് നീണ്ടുകിടക്കുന്ന കറുപ്പും വെള്ളും ചേർന്ന ഭാഗത്തിൽ ഗോൾഡൻ കളറിലുള്ള പൂക്കളും കാണാം. വെള്ളനിറത്തിൽ പഫ് ഉള്ള സ്ലീവ് വസ്ത്രത്തിന്റെ പ്രത്യേകതയാണ്. ലോറിയൽ പാരിസിനെ പ്രതിനിധീകരിച്ചാണ് താരം എത്തിയത്.
പ്രമുഖ ഡിസൈനർ ബ്രാൻഡായ ഫാൽഗുനി ഷെയ്ൻ പീകോക്കിൽ നിന്നാണ് ഐശ്വര്യ റായ് തന്റെ വസ്ത്രം തിരഞ്ഞെടുത്തത്. ഗോൾഡൻ ഹൂപ്പ്സ് കമ്മലിട്ട് സിംപിൾ ഹെയർസ്റ്റൈലിലാണ് ഐശ്വര്യ എത്തിയത്. ന്യൂഡ് ഷേഡിലുള്ള പിങ്ക് ലിപ്സ്റ്റിക്കും നിറുകയിൽ നടുവിൽ നിന്ന് ഇരുവശത്തേക്കു വകഞ്ഞ് കെട്ടിയ ഹെയർസ്റ്റൈലുമൊക്കെ താരത്തിന്റെ മാറ്റുകൂട്ടി. സിൻഡ്രയെപ്പോലെ സുന്ദരിയായാണ് താരം എത്തിയതെന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യ റായ് എത്താതെ കാന് ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപ്പറ്റ് പൂർണമാകില്ലെന്നാണ് ആരാധകപക്ഷം.
വ്യാഴാഴ്ച മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിലെത്തിയത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മകൾക്കൊപ്പം പുറപ്പെടുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. തുടർച്ചയായി 22–ാമത്തെ വർഷമാണ് ഐശ്വര്യ റായ് ബച്ചൻ കാൻ ഫിലിം ഫെസ്റ്റിവലിൽ എത്തുന്നത്. ലോകസുന്ദരിയായിരുന്ന താരത്തിന്റെ റെഡ്കാർപ്പറ്റിലെ ഔട്ട്ലുക്ക് മുൻവർഷങ്ങളിലും ശ്രദ്ധനേടിയിരുന്നു. സിൽവർ ഗൗണിൽ ബ്ലാക് ബോയുമായാണ് കഴിഞ്ഞ വർഷം താരം കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ്കാർപ്പറ്റിൽ എത്തിയത്.