ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനും ശരീരത്തെ എപ്പോഴും ഊര്‍ജ്ജത്തോടെ സംരക്ഷിക്കുന്നതിനും വേണ്ടി ചില പാനീയങ്ങള്‍ നമുക്ക് ശീലമാക്കാവുന്നതാണ്. ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാന്‍ ഈ പാനീയങ്ങള്‍ പരീക്ഷിച്ച് നോക്കൂ..
കരിക്ക് : ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും കുടിക്കുന്നതുമാണ് കരിക്കും തേങ്ങാവെള്ളവും എല്ലാം. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തേങ്ങാവെള്ളം. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കരിക്ക് സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.
നാരങ്ങ വെള്ളം : ഒരു നാരങ്ങ വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ ക്ഷീണമെല്ലാം മാറി ഉഷാറാകുമെന്നുള്ളത് നമുക്ക് അനുഭവമാണ്. നാരങ്ങ ചേര്‍ത്ത വെള്ളം മധുരത്തോടെ കഴിക്കുന്നത് നിങ്ങളില്‍ പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഉപ്പിട്ട് കുടിക്കുന്നത് നല്ലതാണ്. ഇനി ഉപ്പ് ഇഷ്ടമില്ലാത്തവര്‍ക്ക് ചെറുചൂടുവെള്ളത്തില്‍ നാരങ്ങ മുഴുവന്‍ പിഴിഞ്ഞ് അതിലേക്ക് 1-2 ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് കുടിച്ചാല്‍ മതി. ഇത് നിങ്ങളുടെ ക്ഷീണവും പരവേശവും അകറ്റുകയും ആരോഗ്യമുള്ള ശരീരം നല്‍കുകയും ചെയ്യുന്നു.
ഗ്രീന്‍ ടീ : ഗ്രീന്‍ ടീയിലുള്ള ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് ഗ്രീന്‍ ടീ മികച്ചതാണ്. ഇത് ശരീരത്തിന്റെ മെറ്റബോളിസം കൃത്യമാക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഗ്രീന്‍ടീയില്‍ ഉള്ളത്. അമിതവണ്ണമെന്ന പ്രശ്‌നത്തെ മാത്രമല്ല ദിവസം മുഴുവന്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും ഗ്രീന്‍ ടീ സഹായിക്കുന്നു.
ആപ്പിള്‍ സിഡാര്‍ വിനിഗര്‍ : ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആരോഗ്യം നല്‍കുന്ന ഒരു പാനീയമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും ശരീരഭാരം കുറക്കുന്നതിനും ടോക്‌സിനെ പുറന്തള്ളുന്നതിനും എല്ലാം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുന്നില്‍ തന്നെയാണ്.