മുടിയുടെ ആരോഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ബുദ്ധി തെളിയാനും എല്ലാം ചീര വളരെ ഫലപ്രദമാണ്. എന്നാല്‍ കുട്ടികളില്‍ ചിലര്‍ക്ക് ചീര കഴിക്കാനുള്ള മടിയുണ്ടാവും. പക്ഷേ ഇനി കുട്ടികള്‍ക്കും കൂടി ഇഷ്ടപ്പെടുന്ന രീതിയില്‍ ഒരു കറി ആയാലോ. ഇത് ചീരയുടെ എല്ലാ ആരോഗ്യ ഗുണങ്ങളേയും സംരക്ഷിച്ച് കൊണ്ട് തന്നെ നമുക്ക് തയ്യാറാക്കാം. പരിപ്പും ചീരയും ചേര്‍ത്ത് ഒഴിച്ചു കറി ഉണ്ടാക്കാറുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇന്ന് അല്‍പം വ്യത്യസ്തമായി ചീര എരിശ്ശേരി ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- പച്ച ചീര അരിഞ്ഞത്- ഒരു കപ്പ്
- തേങ്ങ ചിരവിയത്- അരക്കപ്പ്
- പരിപ്പ്- അരക്കപ്പ്
- വറ്റല്‍മുളക്- രണ്ടെണ്ണം
- പച്ചമുളക്- രണ്ടെണ്ണം (എരിവ് പാകത്തിന് ചേര്‍ക്കാം)
- കറിവേപ്പില- ഒരു തണ്ട്
- തേങ്ങ- ഒരു പിടി വറുക്കാന്‍
- കുരുമുളക് പൊടി- അര ടീസ്പൂണ്‍
- മജീരകം- അര ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- അരടീസ്പൂണ്‍
- കടുക്- വറുത്തിടാന്‍
- എണ്ണ- പാകത്തിന്
- ഉപ്പ്- പാകത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പ് കുതിര്‍ത്ത് വെള്ളമൊഴിച്ച് വേവിച്ച ശേഷം ഇതിലേക്ക് ചീര ചേര്‍ക്കാം. അതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. അതിനു ശേഷം തേങ്ങ ചിരവിയതും ജീരകവും പച്ചമുളകും ചേര്‍ത്ത് വെണ്ണ പോലെ അരച്ചെടുക്കുക. ഇത് വെന്തു കൊണ്ടിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കാം.
വെള്ളം കുറച്ച് കുറച്ചായി വറ്റിക്കഴിഞ്ഞാല്‍ ഇത് വാങ്ങി വെക്കാം. ശേഷം ഇതിലേക്ക് കടുക് താളിച്ച് ചേര്‍ക്കാവുന്നതാണ്. ശേഷം വറുക്കാനായി മാറ്റി വെച്ചിരിക്കുന്ന തേങ്ങ എടുത്ത് വറുത്ത് ചേര്‍ക്കാം. തേങ്ങ വറുക്കുമ്പോള്‍ ചുവന്ന നിറമായിക്കഴിഞ്ഞാല്‍ അതിലേക്ക് അല്‍പം കുരുമുളക് പൊടി കൂടി ചേര്‍ക്കാം. ഇത് ചേര്‍ത്തിളക്ക് കറിയിലേക്ക് ചേര്‍ക്കാം. നല്ല സ്വാദിഷ്ഠമായ ചീര എരിശ്ശേരി റെഡി.