UAE

യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം എം.ബി.ഇസഡ്-സാറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു

ദുബൈ: യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു. എം.ബി.ഇസഡ്-സാറ്റ് ഈവർഷം ഒക്ടോബറിൽ വിക്ഷേപിക്കാൻ യു.എ.ഇ ബഹിരാകാശകേന്ദ്രം പ്രസിഡന്റ് കൂടിയായ ദുബൈ കിരീടാവകാശി അനുമതി നൽകി. പൂർണമായും ഇമറാത്തി സാങ്കേതിക വിദഗ്ധർ രൂപകൽപന ചെയ്ത ഉപഗ്രഹമാണ് എം.ബി.ഇസഡ്-സാറ്റ്

മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിലെത്തിയാണ് ദുബൈ കിരീടാവകാശിയും ബഹിരാകാശ കേന്ദ്രം പ്രസിഡന്റുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ മക്തൂം വിക്ഷേപണത്തിന് അനുമതി നൽകിയത്. ഉപഗ്രഹത്തിന്റെ ലോഗോ പതിച്ച ഫലകത്തിൽ അദ്ദേഹം ഒപ്പുവെച്ചു. ഈവർഷം ഒക്ടോബറിൽ സ്‌പേസ് എക്‌സ് റോക്കറ്റിലാണ് എം.ബി.ഇസഡ്-സാറ്റ് ഭ്രമണപഥത്തിലെത്തിക്കുക. വിക്ഷേപണത്തിന് മുന്നോടിയായി ഉപഗ്രഹത്തെ കാലാവസ്ഥ പരിശോധനകൾക്ക് കൂടി വിധേയമാക്കും.

സാറ്റലൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന മെക്കാനിക്കൽ, ഇലക്ട്രോണിക് മൊഡ്യൂളുകൾ 90 ശതമാനം ഗൾഫ് മേഖലയിൽ നിർമിച്ചതാണെന്ന പ്രത്യേകതയും ഇതിനുണ്ട്. ഹൈറെസലൂഷൻ ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള അത്യാധുനിക കാമറയാണ് എം.ബി.ഇസഡ്-സാറ്റ്ന്റെ ഏറ്റവും വലിയ സവിശേഷത. ഒരു ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മേഖലയുടെ വരെ വ്യക്തമായ ചിത്രങ്ങൾ ബഹിരാകാശത്ത് നിന്ന് പകർത്താൻ ഇതിലെ കാമറക്ക് കഴിയും. വിക്ഷേപണത്തിന് ശേഷം ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ നിന്ന് തന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയും. നാനോ സാറ്റലൈറ്റുകളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങൾ യു.എ.ഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.