ലോകത്തെ ഏറ്റവും ദുഷ്‌കരമായ സമുദ്രമേഖലയാണ് ഡ്രേക്‌സ് പാസേജ്. പഴയകാലത്ത് അന്റാർട്ടിക്ക ലക്ഷ്യമിട്ട പര്യവേക്ഷകരുടെ പേടിസ്വപ്‌നമായിരുന്നു ഡ്രേക് പാസേജ്. 1525ൽ സ്പാനിഷ് സഞ്ചാരിയായ ഫ്രാൻസിസ്‌കോ ഡി ഹോക്‌സ് ആണ് ഈ മേഖല കണ്ടെത്തിയത്. തെക്കൻ അമേരിക്കയുടെ തെക്കൻ മുനമ്പായ കേപ് ഹോണും അന്റാർട്ടിക്കയുടെ ഭാഗമായ സൗത്ത് ഷെറ്റ്‌ലൻഡ് ദ്വീപുകൾക്കുമിടയിൽ 800 കിലോമീറ്റർ വീതിയിലും 1000 കിലോമീറ്റർ നീളത്തിലും സ്ഥിതി ചെയ്യുന്ന മേഖലയാണ് ഡ്രേക് പാസേജ്.
ലോകത്തിലെ രണ്ട് വൻ സമുദ്രങ്ങളായ പസിഫിക്കും അറ്റ്‌ലാന്റിക്കും കൂട്ടിമുട്ടുന്ന ഇടമെന്ന പ്രത്യേകതയും ഡ്രേക്കിനുണ്ട്. ഉയർന്ന തോതിൽ കാറ്റടിക്കുന്ന മേഖലയാണ് ഡ്രേക് പാസേജ്. അടുത്തെങ്ങും കരഭാഗമില്ലാത്തതിനാൽ വലിയ വേഗത്തിലാണ് ഇവിടെ വെള്ളം നീങ്ങുന്നത്. 1616ൽ ആണ് ആദ്യമായി ഇതുവഴി ഒരു കപ്പൽ യാത്ര ചെയ്തത്. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികനായ വില്യം ഷോട്ടന്‌റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം സാധ്യമാക്കിയത്. ഇവിടെ യാത്ര ചെയ്തിരുന്ന നാവികരിൽ പലരും എട്ട് അടി പൊക്കത്തിൽവരെ തിരകൾ ഉയർന്നു പൊങ്ങിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ധാരാളം വെള്ളം ഒഴുകുന്ന മേഖലയായതിനാൽ ജലത്തിനു വലിയ ശക്തിയുമാണ് ഇവിടെ. അന്റാർട്ടിക്കയിലേക്ക് മനുഷ്യരെത്തുന്നതിനു വലിയ തടസ്സമായി നിന്ന കാരണങ്ങളിലൊന്ന് ഡ്രേക് പാസേജ് ആയിരുന്നു. ഇന്നത്തെ കാലത്ത് ഡ്രേക്‌സ് പാസേജ് വഴിയുള്ള യാത്ര അത്ര ഒരു വലിയ വെല്ലുവിളിയല്ല. അത്യാധുനിക കപ്പലുകളുടെ സഹായത്താൽ സുരക്ഷിതമായി ഇതുവഴി പോകാം. എന്നാൽ കടൽച്ചൊരുക്ക് ഇവിടെ രൂക്ഷമായി അനുഭവപ്പെടാറുണ്ടെന്നു പല നാവികരും സാക്ഷ്യപ്പെടുത്തുന്നു.