മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. ജീവിതത്തിന്റെ പല കാലങ്ങളിൽ വിവിധ കഥാപാത്രങ്ങളായി മാറി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു മോഹൻലാൽ. മോഹൻലാലിനോടുള്ള അതേ സ്നേഹം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും മലയാളികൾക്കുണ്ട്. അതുകൊണ്ട് തന്നെയാണ് മകൻ പ്രണവ് മോഹൻലാൽ സിനിമയിൽ അരങ്ങേറിയപ്പോൾ മലയാളികൾ പ്രോത്സാഹിപ്പിച്ചതും കൂടെ നിന്നതും. താരപുത്രന്മാരിൽ സിനിമകളിലൂടെ അല്ലാതെ സ്വഭാവവും പെരുമാറ്റ രീതികൊണ്ടും മലയാളികളുടെ ഇഷ്ടം നേടിയ ഒരേയൊരാളെയുള്ളു അത് പ്രണവാണ്. സിനിമകളിൽ അഭിനയിക്കാറുണ്ടെങ്കിലും അത് നൽകുന്ന സ്റ്റാർഡം ആസ്വദിക്കാൻ താൽപര്യമില്ലാത്തയാളാണ് പ്രണവ്.
സാധാരണക്കാരനായി ജീവിക്കാൻ ഇഷ്‍ടപ്പെടുന്ന വ്യക്തിത്വം. തന്റെ യാത്ര ചിലവിനുള്ള പണം സ്വരൂപിക്കാനാണ് പ്രണവ് സിനിമകൾ ചെയ്യുന്നത് പോലും. മഹാനടന്മാരിൽ ഒരാളുടെ മകനാണെങ്കിൽ കൂടിയും ഇന്നേവരെ ഒരു അഭിമുഖത്തിൽ പോലും പ്രണവ് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിതാ പ്രണവിനെ കുറിച്ച് നടൻ ഷാജോൺ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജോൺ. പ്രണവിനൊപ്പം അരുൺ ഗോപിയുടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ഷാജോൺ അഭിനയിച്ചിട്ടുള്ളത്. അച്ഛന്റെ ലെവൽ എന്താണെന്ന് അറിയാത്ത മകനാണ് പ്രണവെന്നും അവൻ തനിക്ക് എന്നും ഒരു അത്ഭുതമാണെന്നുമാണ് ഷാജോൺ അഭിമുഖത്തിൽ പ്രണവിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. ഷാജോണിന്റെ വാക്കുകളിലേക്ക്… ‘പ്രണവിന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് തോന്നുന്നു…. ഞാൻ ഒരിക്കൽ ചോദിച്ചിട്ടുണ്ട്.’
‘മോനെ അച്ഛൻ മലയാളികൾക്ക് എന്താണെന്നോ… അച്ഛൻരെ ഹിസ്റ്ററി എന്താണെന്നോ വല്ല പിടുത്തവും ഉണ്ടോയെന്ന്. ഇങ്ങനെ ഞാൻ ഒരു ദിവസം പ്രണവിനോട് ചോദിച്ചതാണ്. അരുൺ ഗോപിയുടെ സിനിമയിലാണ് ഞാനും പ്രണവും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. എനിക്ക് അരുൺ എന്തെങ്കിലും വിശദീകരിച്ച് തരികയാണെങ്കിൽ അത് കേൾക്കാൻ പ്രണവ് അവിടെ താഴെ വന്നിരിക്കും.’ ‘ചെയറിൽ ഇരിക്കാൻ പറഞ്ഞാലും വേണ്ടായെന്ന് പറഞ്ഞ് അവിടെ തന്നെ ഇരിക്കും. ഭക്ഷണം കഴിക്കുമ്പോഴും അങ്ങനെ തന്നെ എവിടെ എങ്കിലും പോയിരുന്ന് ഭക്ഷണം കഴിക്കും. അപ്പോൾ ഇതൊന്നും ആ പയ്യന്റെ തലയിലോട്ട് കേറിയിട്ടില്ല. അച്ഛന്റെ ഒരു ലെവൽ അറിഞ്ഞുകൂടാത്തതാണോ എന്നൊന്നും അറിഞ്ഞൂടാ. വലിയൊരു അത്ഭുതമാണ്. ഗംഭീര ഹ്യൂമൺ ബീയിങ്ങാണ് അപ്പു. ഒരുപാട് പേർ കണ്ട് പഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ അപ്പുവിലുണ്ട്’, എന്നാണ് ഷാജോൺ പറഞ്ഞത്.
യാത്രയോട് മാത്രമല്ല അച്ഛനെപ്പോലെ തന്നെ മൾട്ടി ടാലന്റഡാണ് പ്രണവും. സംഗീതവും സാഹസീകതയും പ്രണവിന് ഏറെ ഇഷ്ടമാണ്. താരത്തിന്റെ സോഷ്യൽമീഡിയ പേജ് നിറയെ യാത്രകളിൽ താൻ കണ്ട കാഴ്ചകളുടെ ചിത്രങ്ങളാണ്. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ പ്രണവ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിർബന്ധപ്രകാരമാണ് നായകനായി രണ്ടാം വരവ് നടത്തിയത്.അവയിൽ ചിലതൊക്കെ പരാജയപ്പെട്ടെങ്കിലും മരക്കാർ അറബിക്കടലിന്റെ സിംഹത്തിനുശേഷം പ്രണവ് ചെയ്ത സിനിമകളെല്ലാം വിജയമായിരുന്നു. പ്രണവിന്റെ അഭിനയം ഏറെ മെച്ചപ്പെട്ടുവെന്നും പ്രേക്ഷകർ കുറിക്കാറുണ്ട്. വർഷങ്ങൾക്കുശേഷമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ സിനിമ.