ദുബൈയിൽ വാഹനങ്ങളുടെ ആയുസ് അളക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ പ്രവർത്തനകാലയളവ് പരിശോധിക്കുന്ന സേവനത്തിന് തുടക്കം കുറിച്ചതായി ദുബൈ ആർ.ടി.എ അറിയിച്ചു.
വാഹനങ്ങളുടെ ആയുസ് പരിശോധിക്കുന്ന സംവിധാനത്തിൽ റെന്റ് എ കാറുകളുടെ ആയുസാണ് ആദ്യഘട്ടത്തിൽ പരിശോധിക്കുക. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. എന്നാൽ, വാഹനങ്ങൾ ഈ പരിശോധനക്ക് വിധേയമാകണമെന്ന് നിബന്ധനയില്ല. വാഹന ഉടമയുടെ തീരുമാനത്തിനനുസരിച്ച് വാഹനം പരിശോധിച്ചാൽ മതി.
പരിശോധനക്ക് വിധേയമാകുന്നതിലൂടെ വാഹനത്തിന്റെ ആയുസ് വർധിപ്പിക്കാൻ നടത്തേണ്ട അറ്റകുറ്റപ്പണികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. കേടുപാടുകളും മറ്റും പരിഹരിച്ച് കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിധം വാഹനങ്ങളുടെ ആയുസ് വർധിപ്പിക്കാൻ സാധിക്കുമെന്നും ആർ.ടി.എ അറിയിച്ചു.