റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനിൽ നടന്ന അറബ് ലീഗിന്റെ 33ാമത് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രത്യേകിച്ച് ഗസ്സയിലെയും പരിസരങ്ങളിലെയും സാഹചര്യങ്ങളും അവിടെ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളും ഇരുവരും അവലോകനം ചെയ്തു. കൂടാതെ ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹ്മദ് അൽ സബാഹ്, സിറിയൻ പ്രസിഡന്‍റ് ബശാർ അൽഅസദ് എന്നിവരുമായും കിരീടാവകാശി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങൾ, ഗസ്സയിലെയും പരിസരങ്ങളിലെയും സംഭവവികാസങ്ങൾ, ഇക്കാര്യത്തിൽ നടത്തിയ ശ്രമങ്ങൾ, പൊതുതാൽപര്യമുള്ള വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.
ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രി അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ്, ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, സ്റ്റേറ്റ് മന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.