മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഇന്ത്യയിലെ ഗുജറാത്തിലെ ഖനനപ്രദേശത്ത് നിന്നും കണ്ടെത്തിയത് അടുത്ത കാലത്തായിരുന്നു. ‘വാസുകി ഇൻഡിക്കസ്’ എന്നാണ് ഗവേഷകര്‍ ഈ കൂറ്റന്‍ പാമ്പിന് നല്‍കിയ പേര്. വാസുകിയുടെ കണ്ടെത്തലിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജീവിയുടെ ഫോസില്‍ അർജന്‍റീനയിൽ നിന്നും കണ്ടെത്തി. പ്രാണിവര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഭീമാകാരനായ പ്രാണിയുടെ ഫോസിലുകളെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പുറത്ത് വന്നു. ഇന്നത്തെ തുമ്പികളുടെ മുതുമുത്തച്ഛനാണ് ഇവ.
ഏതാണ്ട് 300 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഭീമാകാരനായ തുമ്പി. പേര് മെഗന്യൂറ. കാർബോണിഫറസ് കാലഘട്ടത്തിൽ വംശനാശം സംഭവിച്ച പ്രാണികളുടെ ഒരു ജനുസ്സായ മെഗന്യൂറ, ലോകത്തില്‍ ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ പ്രാണിയാണെന്നും ഇവയ്ക്ക് ഇപ്പോഴത്തെ തുമ്പികളുമായാണ് ഏറെ സാമ്യമെന്നും ഗവേഷകര്‍ കണ്ടെത്തി . 65 സെന്‍റീമീറ്റർ (25.6 ഇഞ്ച്) മുതൽ 70 സെന്‍റീമീറ്റർ (28 ഇഞ്ച്) വരെ നീളമുള്ള ഇതിന്‍റെ ചിറകുകൾ, പറക്കുന്ന പ്രാണികളിലെ ഏറ്റവും വലിയ ഇനമാക്കി മെഗന്യൂറയെ മാറ്റുന്നു. തുമ്പിയാണെന്ന് കരുതി നിസാരക്കാരനാണെന്ന് കരുതരുത്. മറ്റ് പ്രാണികളെ അക്രമിച്ച് ഭക്ഷിക്കുകയായിരുന്നു ഇവയുടെ രീതി.
1880-ൽ ഫ്രഞ്ച് സ്റ്റെഫാനിയൻ കൽക്കരി മെഷേഴ്സ് ഓഫ് കമന്‍ററിയിൽ നിന്നാണ് ഫോസിലുകൾ കണ്ടെത്തിയത്. അന്തരീക്ഷത്തില്‍ ഓക്സിജന്‍റെ അളവില്‍ കുറവുണ്ടാകുന്നതോടെ ഇവയ്ക്ക് വംശനാശം സംഭവിച്ചു. അതായത് നിലവിലെ അന്തരീക്ഷത്തില്‍ മെഗന്യൂറയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല. അന്തരീക്ഷത്തിലെ ഓക്സിജന്‍റെ അളവും വായു സാന്ദ്രതയും വലുപ്പമുള്ള വസ്തുക്കളില്‍ ഉയർന്ന പരിധി നൽകുന്നുവെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ആധുനിക പ്രാണികളെയും പക്ഷികളെയും അടിസ്ഥാനമാക്കി ഫ്ലൈറ്റ് എനർജിറ്റിക്‌സിന്‍റെ സമീപകാല വിശകലനങ്ങള്‍ ഈ സിദ്ധാന്തം ശരിവയ്ക്കുന്നു.
വലിയ ചിറക് ഉണ്ടായിരുന്നെങ്കിലും ഇവയ്ക്ക് അമിത ഭാരം ഇല്ലായിരുന്നു. ഇന്ന് ജീവിച്ചിരിക്കുന്ന പ്രാണികളുമായി താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് ഇവ ഭീമാകാരനായ തുമ്പിവര്‍ഗ്ഗമായി മാറുന്നത്. അക്കാലത്ത് മെഗന്യൂറയ്ക്ക് ശത്രുക്കള്‍ ഇല്ലായിരുന്നു. ശത്രുക്കളുടെ അഭാവമാകാം കാർബോണിഫെറസ്, പെർമിയൻ കാലഘട്ടങ്ങളിൽ ടെറിഗോട്ട് പ്രാണികളെ പരമാവധി വലുപ്പത്തിലേക്ക് പരിണമിക്കാൻ അനുവദിച്ചതെന്നും അഭിപ്രായമുണ്ട് .