Travel

വിനോദ സഞ്ചാരികയ്ക്ക് പ്രവേശനം ഇല്ല ; ടൂറിസത്തിന് പൂട്ടിട്ട നാട്

യൂറോപ്യന്‍ രാജ്യങ്ങളിലെ പല നഗരങ്ങളും ഇന്ന് ടൂറിസ്റ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ഈ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിലായി നിയമ നിര്‍മ്മാണത്തിന് ശ്രമിക്കുന്നത് സ്പെയിനിലെ പ്രശസ്തമായ മെനോർക്ക ഗ്രാമമായ ബിനിബെക്ക വെൽ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗ്രാമത്തിലേക്കുള്ള എല്ലാം വിനോദസഞ്ചാരികളെയും നിരോധിക്കണം എന്നാണ് ആവശ്യം. പകല്‍ 11 മണി മുതല്‍ വൈകീട്ട് 8 മണിവരെ ഗ്രാമത്തിലേക്ക് സഞ്ചാരികളെ അനുവദിച്ചിരുന്നു. ഈ സമയത്ത് ഗ്രാമത്തിലെ പ്രഭാത ഭക്ഷണവും മൂന്ന് ബലേറിക് ദ്വീപുകളുടെ ശാന്തമായ തീരത്തു കൂടി യാത്രയും സാധ്യമായിരുന്നു.

ഈ വേനൽക്കാലത്ത് ഒരു ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തുമെന്നും കണക്കാക്കപ്പെടുന്നു. എന്നാല്‍, ഇനി മുതല്‍ അതൊന്നും വേണ്ടെന്ന് തന്നെയാണ് ഗ്രാമവാസികളുടെ തീരുമാനം. അതിന് അവര്‍ക്കൊരു കാരണമുണ്ട്. മത്സ്യബന്ധന ഗ്രാമമാണ് ബിനിബെക്ക വെൽ. വിനോദ സഞ്ചാരികളില്‍ നിന്ന് തങ്ങള്‍ക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് മത്സ്യബന്ധന തൊഴിലാളികള്‍ നിരന്തരം പരാതി പറയുന്നു. ചില വിനോദ സഞ്ചാരികള്‍ വീടുകളിലേക്ക് അതിക്രമിച്ച് കയറുന്നു. മറ്റ് ചിലര്‍ നേരെ ബാല്‍ക്കണിയിലേക്ക് പോകുന്നു.

വീട്ടുടമകളോട് അനുവാദമൊന്നും ചോദിക്കാതെയാണ് ഇത്തരം പ്രവര്‍ത്തികള്‍. പരാതി രൂക്ഷമായപ്പോഴാണ് രാവിലെ 11 നും രാത്രി 8 നും ഇടയിൽ വിനോദ സഞ്ചാരികള്‍ക്കായി സമയം പരിമിധപ്പെടുത്തിയത്. “ബിനിബെക്ക വെൽ ഒരു സാഹസിക സ്ഥലമല്ല. അത് ആളുകൾ താമസിക്കുന്ന ഒരു സ്വകാര്യ ഭവന കേന്ദ്രമാണ്. വിനോദ സഞ്ചാരികൾ ബിനാബേക്ക വെല്ലിന്‍റെ ആഗ്രഹങ്ങൾ പാലിച്ചില്ലെങ്കിൽ, അവർ സമ്പൂർണ നിരോധനം നേരിടേണ്ടിവരും. വേനൽക്കാലത്ത് ദ്വീപുകളിലേക്ക് എത്തുന്ന ബ്രീട്ടീഷുകാരായ വിനോദ സഞ്ചാരികളെ പിന്തിരിപ്പിക്കാനാണ് ഗ്രാമവാസികളുടെ ശ്രമം.

മെനോർക്ക, വളരെ ചെറിയൊരു ദ്വീപാണ്. സ്പെയിനിന് കീഴിലുള്ള മെഡിറ്ററേനിയൻ കടലിലെ ബലേറിക് ദ്വീപുകളിൽ ഒന്ന്. ഇതിന്റെ പേര് തന്നെ ദ്വീപിന്‍റെ വലുപ്പത്തില്‍ നിന്നാണ് ഉണ്ടായത്. ചരിത്രാതീതകാലത്തെ മനുഷ്യ പ്രവർത്തനങ്ങളുടെ ചില അവശിഷ്ടങ്ങളും ഇവിടെ ദൃശ്യമാണ്. അതേസമയം പ്രസന്നമായ കാലാവസ്ഥയും ശാന്തസുന്ദരമായ തീരവും സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നു. പക്ഷേ അത് തദ്ദേശീയരെ ശല്യം ചെയ്യാനാണെങ്കില്‍ നടക്കില്ലെന്ന് തന്നെയാണ് ഇവിടുത്തുകാർ പറയുന്നത്.