Travel

240 കിലോമീറ്റര്‍ ദൂരം വളവോ തിരിവോ ഒന്നുമില്ല; ‘ലോകത്തിലെ ഏറ്റവും വിരസമായ റോഡ്’

240 കിലോമീറ്റര്‍ ദൂരം വളവോ തിരിവോ ഒന്നുമില്ലാത്തെ നീണ്ട് നിവര്‍ന്ന് കിടക്കുന്ന റോഡുള്ള ഒരു രാജ്യമുണ്ട്. ‘ലോകത്തിലെ ഏറ്റവും വിരസമായ റോഡ്’ എന്നാണ് പലപ്പോഴും ഈ റോഡിനെ വിളിക്കുന്നത്. കാരണം റോഡിന്‍റെ ഇരുവശത്തും കണ്ണെത്താ ദൂരത്തോളം മരുമൂഭിമാത്രമാണ്. അതെ സൌദി അറേബ്യയിലാണ് ഈ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേയുള്ളത്.

ഹൈവേ 10 എന്നറിയപ്പെടുന്ന ഈ റോഡ് രണ്ട് പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന 149 മൈൽ അതായത് 240 കിലോമീറ്റർ) നീളമുള്ള ഒരൊറ്റ റോഡാണ്. സൌദിയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന അൽ ദർബ് പട്ടണത്തെ കിഴക്കന്‍ പ്രദേശമായ അൽ ബത്തയുമായി ബന്ധിപ്പിക്കുന്നു. വിരസമായ റോഡെന്നാണ് പേരെങ്കിലും രാജ്യത്തുടനീളമുള്ള ചരക്ക് കയറ്റുമതി ട്രക്കുകള്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്ന വളരെ തിരക്കുള്ള ഒരു റോഡ് കൂടിയാണിത്. റുബ്-അൽ-ഖാലി മരുഭൂമിയിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്.

ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിന്‍റെ സ്വകാര്യ റോഡായിട്ടാണ് ഹൈവേ 10 ന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ആദ്യം നിർമ്മിച്ചത്. പിന്നീട് ഇത് പൊതു റോഡ് സംവിധാനത്തിന്‍റെ ഭാഗമാക്കുകയായിരുന്നു. വളവുകളില്ലാതെ നീണ്ട് കിടക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡും ഹൈവേ 10 ന് സ്വന്തം. ഒരു കാറിന് ഈ റോഡ് മുഴുവന്‍ ഓടിത്തീര്‍ക്കാന്‍ രണ്ട് മണിക്കൂര്‍ സമയം ആവശ്യമാണ്.

സൌദി അറേബ്യയിലെ ഈ റോഡ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയയിലെ ഐർ ഹൈവേയ്ക്കാണ് (Eyre Highway). ഓസ്ട്രേലിയയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയും ഇത് തന്നെ. 91.1 മൈൽ ( 146 കിലോമീറ്റർ) ദൂരമാണ് ഐർ ഹൈവേയ്ക്കുള്ളത്. അതേസമയം യുഎസ്എയിലെ റൂട്ട് 66 ലോകത്തിലെ ഏറ്റവും പ്രശസ്തമായ റോഡ് എന്ന പദവി വഹിക്കുന്നു.