തിരുവനന്തപുരം: ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയ ശബരിമലയിലെ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്. ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണ നശിപ്പിക്കാനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. അഞ്ചു കോടിയിലധികം രൂപ വില വരുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണയാണ് ശാസ്ത്രീയമായി നശിപ്പിക്കേണ്ടത്.
ശബരിമല സന്നിധാനത്തെ ഗോഡൗണിലാണ് 6,65,127 ടിന്നുകളിലായി അരവണ സൂക്ഷിച്ചിരിക്കുന്നത്. പമ്പയ്‌ക്ക് പുറത്തുള്ള ഒറ്റപ്പെട്ട ഇടങ്ങളാണ് അരവണ നശിപ്പിക്കാനായി പരിഗണനയിലുള്ളത്. കാലാവധി കഴിഞ്ഞ ഭക്ഷ്യയോഗ്യമല്ലാത്ത അരവണ ആളുകളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പക്കണം. അയ്യപ്പന്റെ ചിത്രം അരവണ ടിന്നിൽ ഉള്ളതിനാൽ വിശ്വാസികളെ മുറിപ്പെടുത്താത്ത രീതിയിലാകണം നശീകരണമെന്നും നോട്ടീസിൽ പറയുന്നു.
ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നടപടികൾ പാലിച്ചുകൊണ്ടായിരിക്കണം നടപടികൾ. 21-ാം തീയതി വൈകിട്ട് അഞ്ച് മണി വരെ ഏജൻസികൾക്ക് കരാറുകൾ നൽകാം. കരാർ ലഭിച്ചാൽ 45 ദിവസത്തിനകം അരവണകൾ നശിപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.
അരവണയ്‌ക്കായി ഉപയോഗിക്കുന്ന ഏലയ്‌ക്കയിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിരുന്നു. ഭക്ഷ്യ സുരക്ഷാ അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെ തുടർന്ന് ഹൈക്കോടതിയാണ് വിൽപ്പന തടഞ്ഞത്.