ന്യൂഡൽഹി: ദൂരദർശനിലും ആകാശവാണിയിലും പ്രതിപക്ഷ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിലെ വാക്കുകളും വാചകങ്ങളും വെട്ടിമാറ്റി. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസംഗങ്ങളിൽനിന്നു ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘മുസ്‌ലിം’ എന്നിവയടക്കമുള്ള വാക്കുകൾക്കാണ് എഡിറ്റിങ്. തുടർന്ന് പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്തുവെന്നാരോപിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും ദൂരദർശൻ ഡയറക്ടർ ജനറലിനും പരാതി നൽകി.
ദേശീയ–സംസ്ഥാന പാർട്ടികളുടെ പ്രതിനിധികൾക്കു ദൂരദർശനിലും ആകാശവാണിയിലും രാഷ്ട്രീയ പ്രസംഗം നടത്താൻ സമയം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ നൽകിയ പ്രസംഗങ്ങളിൽ എഡിറ്റിങ് നടത്തിയെന്നാണ് ആരോപണം.
തന്റെ പ്രസംഗത്തിൽ നിന്ന് സ്വേഛാധിപത്യ ഭരണം, കാടൻ നിയമങ്ങൾ എന്നീ വാചകങ്ങൾ ഒഴിവാക്കിയെന്നാണ് യെച്ചൂരിയുടെ ആരോപണം. ഭരണത്തിലെ പാപ്പരത്തം എന്നതിനു പകരം ഭരണ പരാജയം എന്ന വാക്കാണ് ഉപയോഗിച്ചത്. തിരഞ്ഞെടുപ്പു ബോണ്ടുകളുമായി ബന്ധപ്പെട്ട പരാമർശത്തിലെ ബാലൻസ് ഷീറ്റിൽ കാണിച്ചിരിക്കുന്ന ലാഭത്തിന്റെ പലമടങ്ങു തുക സംഭാവനയായി നൽകി കള്ളപ്പണം വെളുപ്പിച്ചു എന്ന വാചകം മുഴുവനായി നീക്കിയെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. ഹിന്ദിയിലുള്ള പ്രസംഗത്തിൽ മാറ്റമില്ല, പ്രസംഗങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയിലാണ് മാറ്റം വരുത്തിയത്.
കൊൽക്കത്തയിൽ വെച്ച് റെക്കോഡ് ചെയ്ത പ്രഭാഷണത്തിലെ മുസ്‍ലിം എന്ന വാക്കാൻ ഒഴിവാക്കാൻ നിർദേശിച്ചുവെന്നാണ് ദേവരാജന്റെ പരാതി. പകരം പ്രത്യേക സമുദായങ്ങൾ എന്നുമാറ്റി. ഏപ്രിൽ 16 നാണ് യെച്ചൂരിയുടേയും ദേവരാജന്റേയും പ്രസംഗങ്ങൾ ദൂരദർശനിലും ആകാശവാണിയിലും സംപ്രേഷണം ചെയ്തത്.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നാണ് പ്രസാർ ഭാരതിയുടെ വിശദീകരണം. മുഖ്യമന്ത്രിമാരുടെ വാചകങ്ങൾ പോലും തിരുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പ്രസാർ ഭാരതി ചൂണ്ടിക്കാട്ടി. മറ്റ് രാജ്യങ്ങളെ വിമർശിക്കുക, മതങ്ങൾക്കോ സമുദായങ്ങൾക്കോ എതിരായ ആക്രമണം, അക്രമത്തിന് പ്രേരണ അല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് കാരണമാകുന്ന മറ്റെന്തെങ്കിലും, രാഷ്ട്രപതിയുടെയും ജുഡീഷ്യറിയുടെയും സത്യസന്ധതയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ, ഏതെങ്കിലും വ്യക്തിയുടെ പേരിലുള്ള വിമർശനം, ഐക്യത്തെ ബാധിക്കുന്ന എന്തും എന്നിവയിൽ നിന്ന് സ്പീക്കറുകൾ വിട്ടുനിൽക്കണമെന്ന് മാർഗനിർദേശങ്ങളെന്നും പ്രസാർ ഭാരതി വ്യക്തമാക്കി.