കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ അരങ്ങേറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ തനിക്ക് നൂറുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ദേവരാജ ഗൗഡ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണ് തനിക്ക് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതെന്നും അതിന്റെ അഡ്വാന്‍സായി അഞ്ചു കോടി രൂപ അക്കൗണ്ടിലേക്ക് അയച്ചതായും ദേവരാജ ഗൗഡ പറഞ്ഞിരിക്കുകയാണ്.
കര്‍ണാടകയില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് ദേവരാജ ഗൗഡ. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പൊലീസ് വാഹനത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അഡ്വാന്‍സായി അഞ്ച് കോടി രൂപ ശിവകുമാര്‍ അയച്ചതായും ദേവരാജ ഗൗഡ പറഞ്ഞു. വാഗ്ദാനം നിരസിച്ചതിന് ശേഷം, തനിക്കെതിരെ കേസ് എടുക്കുകയും തന്നെ അറസ്റ്റ് ചെയ്യുകയമായിരുന്നെന്ന് ദേവരാജ പറഞ്ഞു.
പുറത്തിറങ്ങിയാല്‍ താന്‍ ശിവകുമാറിനെ തുറന്നുകാട്ടുമെന്നും കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയുടെ സെക്‌സ് വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍ പ്രചരിപ്പിച്ചത് എച്ച്ഡി കുമാരസ്വാമിയാണെന്ന് പറയാന്‍ തന്നോട് ശിവകുമാര്‍ അവശ്യപ്പെട്ടതായും ദേവരാജ ഗൗഡ പറഞ്ഞു. പ്രജ്വല്‍ രേവണ്ണയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന കാര്‍ത്തിക് ഗൗഡയില്‍ നിന്ന് പെന്‍ഡ്രൈവ് വാങ്ങിയത് ഡി.കെ ശിവകുമാറാണെന്നും ദേവരാജഗൗഡ കൂട്ടിച്ചേര്‍ത്തു.
ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് മോദിയുടെ പേര് പരാമര്‍ശിക്കാനാണ് തനിക്ക് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തത്. കുമാരസ്വാമിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശിവകുമാറിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മോദിക്കും കുമാരസ്വാമിക്കും ബിജെപിക്കുമെതിരെ അപകീര്‍ത്തി വരുത്താന്‍ അവര്‍ വലിയ പദ്ധതിയായിരുന്നു ഒരക്കിയത്. തനിക്ക് 100 കോടി വാഗ്ദാനം ചെയ്യുകയും ബൗറിംഗ് ക്ലബ്ബിലെ റൂം നമ്പര്‍ 110 ലേക്ക് 5 കോടി രൂപ അഡ്വാന്‍സ് ആയി അയക്കുകയും ചെയ്തു.
ചന്നരായപട്ടണത്തെ ഒരു പ്രാദേശിക നേതാവായ ഗോപാലസ്വാമിയെയാണ് ഇടപാട് ചര്‍ച്ച ചെയ്യാന്‍ അയച്ചതെന്നും ദേവരാജ ഗൗഡ പറഞ്ഞു. ശിവകുമാറിന്റെ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് തന്റെ പക്കലുണ്ട്. താന്‍ അത് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള അന്വേഷണസംഘത്തില്‍ വിശ്വാസമില്ലെന്നും തെളിവുകള്‍ സി.ബി.ഐക്ക് കൈമാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഉണ്ടായാല്‍ നൂറുകോടി വാഗ്ദാനവും, അഞ്ചു കോടി അഡ്വാന്‍സും പുറത്താകുമെന്നുറപ്പാണ്. എന്നാലും, ദേവരാജ ഗൗഡ പറയുന്നതില്‍ വസ്തുത ഉണ്ടാകുമോ എന്നാണ് ജനങ്ങള്‍ ചിന്തിക്കുന്നത്.